പാലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിന് 35 കോടിയുടെ ഭരണാനുമതി: ജോസ് കെ. മാണി എംപി
1580320
Thursday, July 31, 2025 11:43 PM IST
പാലാ: സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് സ്ഥാപിക്കുന്നതിന് 35 കോടിയുടെ പുതിയ ഭരണാനുമതി ലഭ്യമായതായി ജോസ് കെ. മാണി എംപി അറിയിച്ചു. ധനമന്ത്രി കെ.എന്‍. ബാലഗോപാലുമായി നിരവധി തവണ ചര്‍ച്ച നടത്തുകയും മന്ത്രിതന്നെ നേരിട്ട് മുടങ്ങിക്കിടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കണ്ടതിന്റെയും അടിസ്ഥാനത്തിലാണ് പുതുക്കിയ ഭരണാനുമതി.
ധനമന്ത്രി ആവശ്യപ്പെട്ടതനുസരിച്ചു ധനകാര്യ ചീഫ് ടെക്നിക്കല്‍ എക്സാമിനറുടെ നേതൃത്വത്തില്‍ വിലയിരുത്തുകയും ചെയ്തു. അക്കാഡമിക് ബ്ലോക്കിന്റെ പൂര്‍ത്തീകരണത്തിനും പൂര്‍ണമായ പ്രവര്‍ത്തനത്തിനും 2021 -ലെ ഡിഎസ്ആര്‍ അടിസ്ഥാനമാക്കിയാണ് 3,513.47 ലക്ഷം തുകയ്ക്ക് പുതുക്കിയ ഭരണാനുമതി നല്‍കിയത്.
നിലവിലെ കരാറുകാരനെ പിരിച്ചുവിട്ട് പുതിയ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കണമെന്നും പുതുക്കിയ ഭരണാനുമതിപ്രകാരം കേന്ദ്ര ഗവണ്മെന്റിന്റെ ബാക്കിയുള്ള വിഹിതം ലഭ്യമാക്കുന്നതിന് ടൂറിസം ഡയറക്ടര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്. കേന്ദ്ര ഗവണ്മെന്റിന്റെ ബാക്കിയുള്ള വിഹിതം ലഭ്യമാക്കുന്നതിന് സര്‍ക്കാരില്‍ ഇടപെടുമെന്നും എത്രയും പെട്ടെന്ന് സാങ്കേതികാനുമതി ലഭ്യമാക്കുവാന്‍ നിര്‍വഹണ ഏജന്‍സിയായ കെഐഐഡിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജോസ് കെ. മാണി എംപി അറിയിച്ചു.
മുത്തോലി പുലിയന്നൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റിനായുള്ള 80 ശതമാനം പണികളും പൂര്‍ത്തിയായെങ്കിലും തുടര്‍ന്നുള്ള പണികള്‍ തടസമാവുകയായിരുന്നു. പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതോടെ മുടങ്ങിയ നിര്‍മാണങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.