പാമ്പാടിയിൽ അനധികൃത മണ്ണെടുപ്പ് വ്യാപകം
1515405
Tuesday, February 18, 2025 4:49 AM IST
പാമ്പാടി: പഞ്ചായത്തിൽ അനധികൃത മണ്ണെടുപ്പ് വ്യാപകമാകുന്നതായി പരാതി. വീടു നിർമാണത്തിനെന്ന വ്യാജേനയാണ് മണ്ണെടുക്കുന്നത്. പ്ലോട്ട് തിരിച്ച് ഭൂമിയിൽ വീട് നിർമാണത്തിനുവേണ്ടി മണ്ണു നീക്കാൻ അനുമതി തേടുന്നു. ഈ അനുമതിയുടെ മറവിൽ ആ പ്രദേശത്തെ മണ്ണ് മുഴുവൻ കടത്തിക്കൊണ്ടു പോകുകയാണ്.
നെൻമല പള്ളിക്കു സമീപം ഇത്തരത്തിൽ നടന്ന മണ്ണെടുപ്പ് സമീപവാസികൾ തടഞ്ഞിരുന്നു. നൽകിയ അനുമതിയുടെ പത്തിരട്ടിയോളം മണ്ണാണ് ഇവിടെനിന്ന് നീക്കിയത്. സമീപ വാസികളുടെ അനുമതിപോലും ഇല്ലാതെയാണ് മണ്ണെടുപ്പ് നടന്നതെന്നുംആക്ഷേപമുണ്ട്. പാമ്പാടി പഞ്ചയത്തും പോലീസ് സ്റ്റേഷനും കേന്ദ്രീകരിച്ച് മണ്ണെടുപ്പിനെ സഹായിക്കുന്ന ലോബി പ്രവർത്തിക്കുന്നുണ്ടന്നു പരിസ്ഥിതി പ്രവർത്തകനായ എബി ഐപ്പ് ആരോപിച്ചു.
ഹൈവേ നിർമണത്തിന് എന്ന പേരിലാണ് മണ്ണ് കോണ്ടുപോകുന്നത്. ഭൂമി പ്ലോട്ട് തിരിച്ച് വിൽപ്പന നടത്തുന്നതിൽ കർശന പരിശോധന വേണമെന്ന് വകുപ്പ് മന്ത്രിപറഞ്ഞിട്ടും ഫലമുണ്ടായില്ല. വരുംദിവസങ്ങളിൽ 50 എക്കറോളം സ്ഥലത്താണ് മണ്ണ് നീക്കാൻ പഞ്ചായത്ത് അനുമതി കൊടുത്തിരിക്കുന്നത്.
വീട് നിർമാണത്തിന് മണ്ണ് നീക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നൽകിയ അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന പരാതി വ്യാപകമാണ്.