വീടിന് തീപിടിച്ച് വൻ നാശനഷ്ടം
1591388
Saturday, September 13, 2025 11:31 PM IST
കാഞ്ഞിരപ്പള്ളി: വീടിന് തീപിടിച്ച് വൻ നാശനഷ്ടം. കുന്നുംഭാഗം പന്തിരുവേലിൽ പി.സി. മാത്യുവിന്റെ വീടിനാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ തീപിടിച്ചത്. വീടിന്റെ മേൽക്കൂര പൂർണമായി കത്തിനശിച്ചു. വയറിംഗ്, റബർ ഷീറ്റുകൾ, കുരുമുളക്, വീട്ടുപകരണങ്ങൾ എന്നിവയും കത്തിനശിച്ചു. അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വീട്ടുകാർ അറിയച്ചതിനെത്തുടർന്ന് കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി തീ നിയന്ത്രിക്കുകയായിരുന്നു.
വീടിന്റെ ചിമ്മിനിയിൽ റബർഷീറ്റ് ഉണക്കാനായി ഇട്ടിട്ടുണ്ടായിരുന്നുവെന്നും ചൂട് കൂടി ഷീറ്റ് ഉരുകിവീണാണ് തീപിടിത്തമുണ്ടായതെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. തൊഴിലാളികൾക്ക് വാടകയ്ക്ക് കൊടുത്തിരുന്ന വീട്ടിൽ ആളുകളില്ലാത്തപ്പോഴാണ് തീപിടിത്തമുണ്ടായത്. സ്റ്റേഷൻ ഓഫീസർ കെ.എസ്. ഓമനക്കുട്ടൻ, സീനിയർ ഫയർ ഓഫീസർ കെ.എസ്. സുദർശനൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.