സമഗ്ര മാലിന്യസംസ്കരണം; ഇക്കോ ബാങ്ക് റെഡിയാകുന്നു
1591391
Saturday, September 13, 2025 11:31 PM IST
കോട്ടയം: ജില്ലയില്‍ സമഗ്ര മാലിന്യ സംസ്കരണത്തിനായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ക്ലീന്‍ കേരള കമ്പനിയുടെ ഇക്കോ ബാങ്ക് പ്രവര്‍ത്തനമാരംഭിക്കുന്നു.
സംസ്ഥാനത്ത് മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ 14 ജില്ലകളിലും ക്ലീന്‍ കേരള കമ്പനി ഇക്കോ ബാങ്കുകള്‍ സ്ഥാപിച്ചു വരികയാണ്. ഇതിന്റെ ഭാഗമായിട്ടാണു ജില്ലയില്‍ കൂരോപ്പട മാക്കല്പടിയില് ഇക്കോ ബാങ്കിന്റെ ഗോഡൗണ്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇക്കോ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഉടന്‍ ഉണ്ടാകും.
വീടുകളിലും സ്ഥാപനങ്ങളിലും വീട് മാറ്റം, കല്യാണം, നിര്മണങ്ങള് തുടങ്ങി വിവിധ സന്ദര്‍ഭങ്ങളിലുണ്ടാകുന്ന അജൈവ മാലിന്യങ്ങളും പാഴ്വസ്തുക്കളും നേരിട്ട് കൈമാറുന്നതിനുള്ള കേന്ദ്രങ്ങളാണ് ഇക്കോ ബാങ്കുകള്‍.
പുനഃചംക്രമണം ചെയ്യാന്‍ കഴിയുന്ന മാലിന്യങ്ങള്‍ മികച്ച വില നല്‍കിയും അജൈവ മാലിന്യങ്ങള്‍ക്ക് സംസ്കരണത്തിനുള്ള ചെറിയ ഫീസ് ഈടാക്കിയും പാഴ്വസ്തുക്കള് ഇക്കോ ബാങ്കില്‍ ശേഖരിക്കും.
അപകടകരമായ ഇ-മാലിന്യം, ചെരിപ്പ്, ബാഗ്, തെര്‍മോക്കോള്‍ തുടങ്ങിയവ, വീട് നവീകരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഇതര മാലിന്യം, സിമന്റ് ചാക്ക് തുടങ്ങിയുള്ള എല്ലാ അജൈവ പാഴ്വസ്തുക്കളും ഇക്കോ ബാങ്ക് ശേഖരിക്കും.
പ്രതിമാസം 7,000 ടണ്ണില്‍ അധികം മാലിന്യം ശേഖരിക്കുകയും ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യുന്ന ക്ലീന്‍ കേരള കമ്പനിയുടെ മാലിന്യമുക്ത നവകേരളത്തിനുള്ള പുതിയ ചുവടുവയ്പാകുകയാണിത്. ബാങ്കുകളില്‍ വലിയ തോതില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ വേര്‍തിരിച്ചശേഷം കമ്പനിയുടെ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിച്ച് ശാസ്ത്രീയമായി നശിപ്പിക്കുകയാണു ചെയ്യുന്നത്.
ഇക്കോ ബാങ്കുകളുടെ ആരംഭം സംസ്ഥാനത്തെ മാലിന്യസംസ്കരണ സംവിധാനത്തെ കൂടുതല്‍ ക്രമബദ്ധവും ജനകീയവുമായ രീതിയിലേക്ക് മാറ്റും. മാലിന്യശേഖരണത്തിനും സംസ്കരണത്തിനുമൊപ്പം പൊതുജനങ്ങളെ ഉത്തരവാദപ്പെട്ട ഇടപെടലിലേക്ക് പ്രേരിപ്പിക്കുന്നതിനും ഈ പദ്ധതി സഹായകരമാകും. 14 ജില്ലയിലും ഒരു ഇക്കോ ബാങ്ക് വീതമാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചിരിക്കുന്നത്. ആവശ്യകതക്ക് അനുസരിച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.