മൂക്കൻപെട്ടി പാലത്തിലെ ഊരിമാറ്റിയ കൈവരികൾ പുനഃസ്ഥാപിച്ചില്ല
1591385
Saturday, September 13, 2025 11:31 PM IST
കണമല: മൂക്കൻപെട്ടി പാലത്തിൽനിന്ന് ഇക്കഴിഞ്ഞ മഴക്കാലത്ത് ഊരിമാറ്റിയ കൈവരികൾ പുനഃസ്ഥാപിച്ചില്ലെന്ന് ആക്ഷേപം. കൈവരികൾ ഇല്ലാതെ പാലത്തിലൂടെയുള്ള വാഹനയാത്ര സുരക്ഷിതമല്ലാത്തതിനാൽ അപകടഭീതി വർധിക്കുകയാണ്.
മഴക്കാലത്ത് നദിയിൽ വെള്ളപ്പൊക്കമുണ്ടാകുന്പോൾ പാലത്തിന്റെ കൈവരികൾ ഒഴുകിപ്പോകാതിരിക്കാനാണ് പഞ്ചായത്ത് അധികൃതരുടെ നിർദേശപ്രകാരം കൈവരികൾ ഊരിമാറ്റാറുള്ളത്.
വെള്ളത്തിൽ ഒഴുകിയെത്തുന്ന തടികൾ ഇടിച്ച് കൈവരികൾ തകരാറുമുണ്ട്. ഇത് ഒഴിവാക്കാൻ വേണ്ടി കൈവരികൾ ഊരിമാറ്റിയ ശേഷം മഴക്കാലം കഴിയുമ്പോൾ പുനഃസ്ഥാപിക്കും.
ഇങ്ങനെ പലപ്പോഴായി കൈവരികൾ ഊരിമാറ്റിയത് മൂലം കൈവരികളിൽ പലതിനും കേടുപാടുകൾ സംഭവിക്കുന്നുമുണ്ട്.
കൈവരികൾ പുനഃസ്ഥാപിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.