കടയിലെ ആക്രമണത്തിനു പിന്നില്‍ ഗൂഢാലോചനയെന്ന് ഉടമ
1591377
Saturday, September 13, 2025 11:31 PM IST
പാലാ: തിരുവോണനാളില്‍ കടയിലുണ്ടായ ആക്രമണത്തിനു പിന്നില്‍ ചിലരുടെ ഗൂഢാലോചനയാണെന്ന് കടഉടമ ടോമി കുറ്റിയാങ്കല്‍ ആരോപിച്ചു. തനിക്കെതിരായി നിരന്തരം കള്ളപ്പരാതികള്‍ നല്‍കിയും തന്റെ സ്ഥാപനത്തില്‍ വാടക ഗുണ്ടകളെ അയച്ചു നിരന്തരം പ്രശ്നമുണ്ടാക്കിയും ജീവനും സ്വത്തിനും ഇവര്‍ ഭീഷണി സൃഷ്ടിക്കുകയാണെന്നും പാലാ പോലീസ് ഇവര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും ഐശ്വര്യ ബേക്കറി ഉടമ ടോമി കുറ്റിയാങ്കല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തിരുവോണനാളില്‍ കടയിലെത്തി പ്രശ്നങ്ങള്‍ സൃഷ്ടിച്ച നേപ്പാള്‍ സ്വദേശികളെ നാട്ടുകാരാണ് തടഞ്ഞത്. പിന്നീട് ഇവരെ പിന്തുണച്ചുകൊണ്ട് എത്തിയ ആളെ സംഭവസ്ഥലത്തുണ്ടായിരുന്ന വഴിയാത്രക്കാരാണ് ചോദ്യം ചെയ്തത്. ഇയാളെ കടയില്‍ എത്തിച്ചതിനു പിന്നിലും ഗൂഢാലോചനയുണ്ട്. തനിക്കെതിരായ ഗൂഢാലോചനയില്‍ അന്വേഷണം ആവശ്യപ്പെട്ട് ടോമി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കടയിലെത്തിയ വഴിയാത്രക്കാരനെ മര്‍ദിച്ചു എന്ന ആരോപണത്തില്‍ ടോമി കുറ്റിയാങ്കലിനെതിരേയും പാലാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.