എരുമേലി ഫയർസ്റ്റേഷന് സ്ഥലം കണ്ടെത്താനായില്ല
1591389
Saturday, September 13, 2025 11:31 PM IST
എരുമേലി: ശബരിമല സീസൺ അടുത്തിരിക്കേ ടൗണിൽ അഗ്നിരക്ഷാനിലയം ആരംഭിക്കുന്നതിന് സ്ഥലം കണ്ടെത്താനുള്ള സർവകക്ഷിയോഗ തീരുമാനം നടപ്പിലായില്ല. നിലവിൽ മണിമലയാറിന്റെ തീരത്ത് ഓരുങ്കൽകടവിൽ പഞ്ചായത്ത് വക പുറമ്പോക്ക് ഭൂമിയിൽ അഗ്നിരക്ഷാനിലയം സ്ഥാപിക്കാൻ നീക്കമുണ്ടായിരുന്നു. എന്നാൽ, നദീതീരത്ത് നിർമാണം പാടില്ലെന്ന വിലക്കുമൂലം ഇത് ഒഴിവാക്കേണ്ടി വന്നതോടെയാണ് അനുയോജ്യമായ സ്ഥലം ഏറ്റെടുക്കാൻ സർവകക്ഷിയോഗത്തിൽ തീരുമാനമായത്.
കഴിഞ്ഞ ഏപ്രിലിലാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് ഹാളിൽ സർവകക്ഷിയോഗം ചേർന്ന് ഇക്കാര്യം തീരുമാനിച്ചത്. അനുയോജ്യമായ സ്ഥലം കണ്ടെത്താൻ പഞ്ചായത്തിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. സ്ഥലം കണ്ടെത്തിയാൽ സ്ഥിരം കെട്ടിടം നിർമിക്കുന്നതിന് ആവശ്യമായ തുക എംഎൽഎ ഫണ്ടിൽനിന്ന് നൽകുമെന്ന് എംഎൽഎ അറിയിച്ചിരുന്നു. ഇതിന് മുന്പ് താത്കാലികമായി അഗ്നിരക്ഷാനിലയം തുടങ്ങുന്നതിന് ആവശ്യമായ സ്ഥലം വാടകയ്ക്കെടുക്കാൻ യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും ഇക്കാര്യത്തിലും നടപടികളായിട്ടില്ല.
എരുമേലിക്കടുത്ത് കൊരട്ടിയിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സ്ഥലത്ത് അഗ്നിരക്ഷാ നിലയം സ്ഥാപിക്കാൻ അനുയോജ്യമാണെന്ന് സർവകക്ഷിയോഗം വിലയിരുത്തിയിരുന്നു. എന്നാൽ, ഇക്കാര്യത്തിലും തുടർ നടപടികളുണ്ടായിട്ടില്ല. ടൗണിൽ നേർച്ചപ്പാറ വാർഡിൽ ഹൗസിംഗ് ബോർഡിന്റെ സ്ഥലവും അഗ്നിരക്ഷാ നിലയത്തിന് അനുയോജ്യമാണെന്നും നിർദേശമുയർന്നിരുന്നു. എന്നാൽ, ഇക്കാര്യത്തിലും നടപടികൾ ഉണ്ടായിട്ടില്ല. മാസങ്ങൾ പിന്നിട്ടിട്ടും യോഗത്തിലെ തീരുമാനങ്ങളിൽ നടപടികൾ ഒന്നുമില്ല.
അഗ്നിരക്ഷാസേനയ്ക്കും എക്സൈസ് വകുപ്പിനും സ്ഥലം കണ്ടെത്തുന്നതിനു പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ രാഷ്ട്രീയകക്ഷി പ്രതിനിധികളെ ഉൾപ്പെടുത്തി ഉപസമിതി രൂപീകരിക്കണമെന്ന് സർവകക്ഷിയോഗം നിർദേശിച്ചിരുന്നതാണ്. ഇക്കാര്യത്തിലും മെല്ലപ്പോക്ക് തുടരുകയാണ്. സ്ഥലം ഏറ്റെടുക്കാൻ കഴിയുന്നില്ലെങ്കിൽ ആവശ്യമായ സ്ഥലം സ്വന്തമായി വാങ്ങാൻ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണം കണ്ടെത്തണമെന്ന യോഗത്തിലെ നിർദേശവും ഫയലിൽ ഉറങ്ങുകയാണ്.
നിർദിഷ്ട ശബരി ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ നിർമാണം കണക്കിലെടുത്ത് അഗ്നിരക്ഷാ സേനയുടെ സ്ഥിരം യൂണിറ്റിന്റെ ആവശ്യകത എരുമേലിയിൽ അനിവാര്യമാണെന്നിരിക്കെയാണ് അനാസ്ഥ. അത്യാഹിതം ഉണ്ടായാൽ 15 കിലോമീറ്റർ ദൂരമുള്ള കാഞ്ഞിരപ്പള്ളിയിൽനിന്നോ റാന്നിയിൽനിന്നോ വേണം എരുമേലിയിൽ അഗ്നിരക്ഷാ യൂണിറ്റുകൾ എത്താൻ. എല്ലാ തീർഥാടന കാലത്തും രണ്ടര മാസത്തോളം അഗ്നിരക്ഷാനിലയം താത്കാലികമായി എരുമേലിയിൽ പ്രവർത്തിക്കാറുണ്ട്. 2012ലാണ് എരുമേലിയിൽ സ്ഥിരം ഫയർ സ്റ്റേഷൻ അനുവദിച്ച് ഉത്തരവിറങ്ങിയത്.