വായനശാലകൾ നാട്ടിൻപുറങ്ങളിലെ അനൗദ്യോഗിക സർവകലാശാലകൾ: മന്ത്രി വി.എൻ. വാസവൻ
1591381
Saturday, September 13, 2025 11:31 PM IST
പനമറ്റം: എല്ലാ വിഭാഗത്തിലുമുള്ള അറിവുകൾ നൽകുന്ന ഗ്രന്ഥശാലകൾ നാട്ടിൻപുറങ്ങളിലെ അനൗദ്യോഗിക സർവകലാശാലകളാണെന്ന് മന്ത്രി വി.എൻ. വാസവൻ. പനമറ്റം വെളിയന്നൂർ ദേശാഭിമാനി വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടൊപ്പം പുതിയ ഇരുനിലമന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. കുമാരനാശാൻ മുതൽ മുരുകൻ കാട്ടാക്കട വരെയുള്ളവരുടെ കവിതകൾ ചൊല്ലിയും സദസിനോട് അവാർഡ് നേടിയ വിവിധ പുസ്തകങ്ങളെക്കുറിച്ച് ചോദിച്ചും പുതിയ പുസ്തകങ്ങളെക്കുറിച്ച് പറഞ്ഞുമായിരുന്നു മന്ത്രിയുടെ പ്രസംഗം.
മാണി സി. കാപ്പൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഫോട്ടോ അനാച്ഛാദനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയിയും ഓഡിറ്റോറിയം ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജെസി ഷാജനും നടത്തി. ആദ്യകാല പ്രവർത്തകരെ എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് ആദരിച്ചു.