ചേനപ്പാടി കരക്കാർ ആറന്മുള ക്ഷേത്രത്തിൽ പാളത്തൈര് സമർപ്പിച്ചു
1591386
Saturday, September 13, 2025 11:31 PM IST
പൊൻകുന്നം: ചേനപ്പാടി പാർഥസാരഥി ഭക്തജനസമിതി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ജന്മാഷ്ടമി സദ്യയ്ക്കുള്ള പാളത്തൈര് ഇന്നലെ സമർപ്പിച്ചു. ഇന്ന് അഷ്ടമിരോഹിണി നാളിൽ ഭഗവാന്റെ സന്നിധിയിൽ ഭക്തർക്ക് വിളമ്പുന്ന സദ്യയിലെ പ്രധാനവിഭവമാണ് പാളത്തൈര്.
വാഴൂർ തീർഥപാദാശ്രമ കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദർ രക്ഷാധികാരിയായ പാർഥസാരഥി ഭക്തജനസമിതി ഘോഷയാത്രയായി ആറന്മുള ക്ഷേത്രത്തിൽ തൈര് എത്തിച്ചു. പുലർച്ചെ ചേനപ്പാടിയിലെ ഇളങ്കാവ് ഭഗവതി ക്ഷേത്രം, ധർമശാസ്താ ക്ഷേത്രം, ഇടയാറ്റുകാവ് ദേവീക്ഷേത്രം, പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കണ്ണമ്പള്ളിൽ ഭഗവതിക്ഷേത്രം, കുറ്റിക്കാട്ടുകാവ് ദേവീക്ഷേത്രം, കിഴക്കേക്കര ഭഗവതിക്ഷേത്രം, അഞ്ചുകുഴി പരാശക്തി ദേവസ്ഥാനം, മഹാലക്ഷ്മി കാണിക്കമണ്ഡപം എന്നിവിടങ്ങളിൽ വഴിപാടുകൾ നടത്തി ചേനപ്പാടി എസ്എൻഡിപി യോഗം ശാഖ, പരുന്തന്മല ശ്രീദേവി വിലാസം ഭജനസമിതി, വിഴിക്കിത്തോട് ഭജന സമിതി എന്നിവയുടെ സഹകരണത്തോടെ കിഴക്കേക്കര ഭഗവതിക്ഷേത്രത്തിൽ നിന്നാണ് പുറപ്പെട്ടത്. എരുമേലി പോലീസ് എസ്എച്ച്ഒ ഇ.ഡി. ബിജു ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.
പൂർവികരുടെ രീതിയിൽ പാളപ്പാത്രങ്ങളിലും തൈര് എത്തിച്ചു. വാഴൂർ ആശ്രമത്തിൽ തയറാക്കിയതുൾപ്പെടെ 1500 ലിറ്റർ തൈര് ഭഗവാന്റെ ജന്മാഷ്ടമി നാളിൽ സദ്യയിൽ വിളമ്പുന്നതിന് എത്തിച്ചു.