യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
1454175
Wednesday, September 18, 2024 11:36 PM IST
മുണ്ടക്കയം: യുവതിയെ വഴിയിൽവച്ച് ഇരുമ്പ് പൈപ്പുകൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം പഴയകല്ലേപാലം പാറയിൽപുരയിടത്തിൽ പി.എം. നിസാർ (അച്ചാർ- 33), കല്ലുതൊട്ടി പുരയിടത്തിൽ അഭിനേഷ് കെ.സാബു (പഞ്ചർ- 30), കളിയിക്കൽ സുധീഷ് സുരേഷ് (മുടിയൻ- 24) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ മൂന്നുപേരും ചേർന്ന് കഴിഞ്ഞദിവസം രാത്രി 8.30 ഓടുകൂടി പഴയ കല്ലേപ്പാലം ഭാഗത്ത് വച്ച് മുണ്ടക്കയം സ്വദേശിയായ യുവാവിനെ മർദിക്കുകയും കട്ടയും ഇരുമ്പ് പൈപ്പും കൊണ്ട് ആക്രമിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവാവിന്റെ ഭാര്യയെ ഇവർ ചീത്തവിളിക്കുകയും അപമര്യാദയായി പെരുമാറുകയും മർദിക്കുകയും ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താനും ശ്രമിച്ചു.
നിസാറിന്റെ സഹോദരനെതിരെ യുവതി പോലീസിൽ പരാതി നൽകിയതിലുള്ള വിരോധം മൂലമാണ് ഇവർ ദമ്പതികളെ ആക്രമിച്ചത്. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തെരച്ചിലിൽ മൂവരേയും പിടികൂടുകയുമായിരുന്നു. നിസാർ, അഭിനേഷ്, സുധീഷ് സുരേഷ് എന്നിവർ മുണ്ടക്കയം സ്റ്റേഷനിലെ ക്രിമിനൽ കേസുകൾ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.