വീടുകളിൽ വെള്ളം കയറി
1339949
Monday, October 2, 2023 2:18 AM IST
കടുത്തുരുത്തി: ശക്തമായ മഴയെത്തുടർന്ന് കടുത്തുരുത്തി പഞ്ചായത്തിലെ ആപ്പുഴ, എരുമത്തുരുത്ത് പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഇരുപതോളം വീടുകളിലാണ് വെള്ളം കയറിയത്.
മഴ കനത്താൽ പ്രദേശത്തെ മറ്റു വീടുകളിലും വെള്ളം കയറുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കടുത്തുരുത്തി വലിയ തോട്, ചുള്ളിത്തോട് എന്നിവ കരകവിഞ്ഞതിനെത്തുടർന്നാണ് പ്രദേശത്ത് വെള്ളം കയറിയത്. വെള്ളം കയറിയ വീടുകളിലെ വീട്ടുപകരണങ്ങൾ ഉയർത്തി വച്ചിരിക്കുകയാണ്. വളർത്തു മൃഗങ്ങളെ ഉയർന്ന പ്രദേശത്തേക്കും മാറ്റി.
വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് പഞ്ചായത്ത് ആയാംകുടി ഗവൺമെന്റ് എൽപി സ്കൂളിൽ ക്യാമ്പ് തുറന്നു. ഇവിടെ നാല് കുടുംബംഗങ്ങളിൽ നിന്നായി പന്ത്രണ്ടു പേർ എത്തിയിട്ടുണ്ട്. കടുത്തുരുത്തി -ആപ്പുഴ തീരദേശ റോഡ്, ഈരക്കടവ് - ആപ്പുഴ, ആപ്പാഞ്ചിറ-ആയാംകുടി റോഡിലെ കാന്താരിക്കടവ് - മുക്കം ഭാഗം, ആയാംകുടി വായനശാല - പുതുശേരിക്കര റോഡ്, മധുരവേലി റേഷൻകട ജംഗ്ഷൻ-പുലിത്തുരുത്ത് റോഡ് എന്നിവടങ്ങളിൽ വെള്ളം കയറി.
എരുമത്തുരുത്തിനോട് ചേർന്നുള്ള വെള്ളാശേരി, മാന്നാർ പാടശേഖരങ്ങളിലും, മധുരവേലി പാലയ്ക്കത്തറ എന്നിവിടങ്ങളിലും താമസിക്കുന്നവർ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇവിടെയും വെള്ളക്കെട്ട് രൂക്ഷമാണ്.