അങ്കണവാടി ഭക്ഷ്യമേള നാടിന്റെ മനം കവർന്നു
1598678
Saturday, October 11, 2025 12:04 AM IST
മുഹമ്മ: ഐസിഡിഎസ് മുഹമ്മ പഞ്ചായത്ത് കമ്മിറ്റി ദേശീയപോഷക മാസാചരണ പരിപാടിയുടെ ഭാഗമായി നടത്തിയ ഭക്ഷ്യമേള നാടിന്റെ മനം കവർന്നു.
നാട്ടിൻപുറങ്ങളിലെ വിഭവങ്ങൾ കുറഞ്ഞ ചെലവിൽ പോഷകസമ്യദ്ധമായ ഭക്ഷണം ഒരുക്കുന്നതിൽ മത്സരബുദ്ധിയോടെയാണ് ഓരോ അങ്കണവാടിയും അണിനിരന്നത്. ചീര, വാഴക്കൂമ്പ്, പപ്പായ, റാഗി, നേന്ത്രപ്പഴം എന്നിവകൊണ്ടുള്ള ഉത്പന്നങ്ങൾ നിറവൈവിധ്യംകൊണ്ടും ശ്രദ്ധേയമായി.
വർണ പുട്ടുകൾ, പപ്പായ പായസം, ഓഡ്സിന്റെ സ്മൂത്തി എന്നിവ മേളയെ ആകർഷകമാക്കി. ശംഖുപുഷ്പം, ചെമ്പരത്തി, കാരറ്റ്, ചോളപ്പൊടി എന്നിവകൊണ്ടുള്ള പുട്ടുകൾ മേളയ്ക്ക് മാരിവിൽ ശോഭയേകി. ഉണ്ണിയപ്പം, ബിസ്കറ്റ്, കേക്ക്, അച്ചപ്പം എന്നിവയും മേളയെ ആകർഷകമാക്കി.
പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു മേള ഉദ്ഘാടനം ചെയ്തു.
നാട്ടിൻപുറങ്ങളിലെ പോഷകമൂല്യമുള്ള ഭക്ഷ്യവസ്തുക്കളെക്കുറിച്ച് സമൂഹത്തിന് അറിവ് നൽകാൻ ഇത്തരം മേളകൾ പര്യാപ്തമാണെന്ന് സ്വപ്ന ഷാബു പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി. റെജി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.എസ്. ദാമോദരൻ, പി.എ. നസീമ, ഷെജിമോൾ സജീവ്, സിഡിഎസ് ചെയർപേഴ്സൻ സേതു ഭായി, ദീപാ അജിത്കുമാർ, ഐസിഡിഎസ് സൂപ്പർവൈസർ അശ്വതി എന്നിവർ പ്രസംഗിച്ചു.