റെയിൽവേ സ്റ്റേഷനുകളുടെ വികസനം : കെ.സി. വേണുഗോപാൽ എംപിയും റെയിൽവേ ഉദ്യോഗസ്ഥരും ഇന്ന് സന്ദർശനം നടത്തും
1598442
Friday, October 10, 2025 4:57 AM IST
ആലപ്പുഴ: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ ഏഴു റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും പരിശോധിക്കുന്നതിനായി കെ.സി. വേണുഗോപാൽ എംപിയും ഡിവിഷണൽ റെയിൽവേ മാനേജർ ഉൾപ്പെടെയുള്ള റെയിൽവേ ഉന്നതതല ഉദ്യോഗസ്ഥ സംഘവും ഇന്ന് ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ വിവിധ സ്റ്റേഷനുകളിൽ സന്ദർശനം നടത്തും.
കെ.സി. വേണുഗോപാൽ കഴിഞ്ഞദിവസം ഡൽഹിയിൽ റെയിൽവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ തുടർച്ചയായാണ് സന്ദർശനം.
രാവിലെ 9.30ന് കരുനാഗപള്ളി സ്റ്റേഷനിൽനിന്നു പരിശോധന ആരംഭിക്കും. തുടർന്ന് 10ന് കായംകുളം, 10.30ന് ഹരിപ്പാട്, 11ന് അമ്പലപ്പുഴ സ്റ്റേഷനുകളിലും പരിശോധന നടത്തും. 11.30ന് ആലപ്പുഴ സ്റ്റേഷനിലെത്തുന്ന സംഘം അവിടെ അവലോകന യോഗം ചേരും. അതിനുശേഷം ഉച്ചയ്ക്ക് ഒന്നിന് ചേർത്തലയിലും 1.30ന് തുറവൂരും സ്റ്റേഷനുകൾ സന്ദർശിച്ച് നിലവിലെ സ്ഥിതിഗതികൾ മനസിലാക്കും. കായംകുളവും ആലപ്പുഴയുമടക്കം വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നടന്നുവരുന്ന അമൃത് ഭാരത് നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതിയും സംഘം വിലയിരുത്തും.