ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാൻ ആർഎസ്എസ് ശ്രമിക്കുന്നു: ഇ.പി. ജയരാജൻ
1598099
Wednesday, October 8, 2025 11:41 PM IST
കറ്റാനം: രാജ്യത്തെ ജനങ്ങൾക്കുവേണ്ടത് ഭക്ഷണവും ആരോഗ്യവും വിദ്യാഭ്യാസവുമാണെന്നും അത് തിരിച്ചറിയാതെ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള തീവ്രശ്രമത്തിലാണ് ആർഎസ്എസെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ പറഞ്ഞു. സിപിഎം നേതാവ് പി. സുധാകരന്റെ 19-ാം ചരമവാര്ഷികാചരണത്തിൽ ഭരണിക്കാവ് കോയിക്കൽ ജംഗ്ഷനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏരിയ സെക്രട്ടറി ജി. അജയകുമാർ അധ്യക്ഷനായി. കെ.എച്ച്. ബാബുജാൻ, ജി. ഹരിശങ്കർ, എ. മഹേന്ദ്രൻ, കെ. മധുസൂദനൻ, മുരളി തഴക്കര, ലീല അഭിലാഷ്, ബി. അബിൻഷ തുടങ്ങിയവർ പ്രസംഗിച്ചു.
സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം നടന്ന പി. സുധാകരൻ സ്മാരക പുരസ്കാര സമർപ്പണയോഗം ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് പി.എസ്. ഗോപിനാഥനും മെറിറ്റ് അവാർഡ് വിതരണം ഗോകുലം ഗോപാലനും ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ അധ്യക്ഷനായി. അഡ്വ. ടി.കെ. നാരായണദാസ് മുഖ്യാതിഥിയായി. ഈ വർഷത്തെ പി. സുധാകരൻ സ്മാരക പുരസ്കാരം നേടിയ മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ, യു. പ്രതിഭ എംഎൽഎ, വിപ്ലവഗായിക പി.കെ. മേദിനി എന്നിവർ പങ്കെടുത്തു.