ഓലചുരുട്ടി, തണ്ടുതുരപ്പന്‍ ആക്രമണം; നിര്‍ദേശങ്ങളുമായി കീടനിരീക്ഷണ കേന്ദ്രം
1598092
Wednesday, October 8, 2025 11:41 PM IST
കുട്ടനാട്: കുട്ടനാട്ടില്‍ രണ്ടാം കൃഷി ഇറക്കിയ പാടശേഖരങ്ങളില്‍ കണ്ടെത്തിയ ഓലചുരുട്ടിപ്പുഴുവിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ നിര്‍ദേശങ്ങളുമായി സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം.
വിതച്ച് 20 ദിവസം മുതല്‍ 90 ദിവസംവരെ പ്രായമായ ചെടികളില്‍ കീടസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 37 പാടശേഖരങ്ങളിലായി ഏകദേശം 190 ഹെക്ടര്‍ പ്രദേശത്ത് കീടസാന്നിധ്യം കാണുന്നുണ്ടെങ്കിലും 60 ഹെക്ടര്‍ പ്രദേശത്താണ് രൂക്ഷമായി കാണപ്പെടുന്നത്. മിക്കവാറും എല്ലാ പാടശേഖരങ്ങളിലും വലിയതോതില്‍ ഓലചുരുട്ടിയുടേയും ചില പാടശേഖരങ്ങളില്‍ തണ്ടുതുരപ്പന്റേയും ശലഭങ്ങളെ ധാരാളമായി കാണുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ക്കായി നിയന്ത്രണമാര്‍ഗങ്ങള്‍ കീടനിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചത്.
ശലഭങ്ങളെ കാണുന്ന മാത്രയിൽ കീടനാശിനി പ്രയോഗം നടത്തരുത്. ശലഭങ്ങളെ കൂടുതലായി കണ്ടാല്‍ 7-10 ദിവസങ്ങള്‍ക്കുള്ളില്‍ പുഴുക്കളുടെ സാന്നിധ്യം കാണാന്‍ സാധ്യതയുണ്ട്. പുഴുക്കളെ കാണാന്‍ തുടങ്ങുമ്പോള്‍ മാത്രമേ കീടനാശിനി പ്രയോഗം ഫലപ്രദമാകുകയുള്ളൂ. 100 ചുവടുകള്‍ക്ക് ഒരു ചുരുട്ടിലധികം കാണുന്നുണ്ടെങ്കിലാണ് സാധാരണയായി നിയന്ത്രണമാര്‍ഗങ്ങള്‍ അവലംബിക്കുക.
വിതച്ച് 45 ദിവസം വരെ പ്രായമായ ചെടികളില്‍ തരിരൂപത്തിലുള്ള കീടനാശിനികള്‍ മണ്ണില്‍ വളത്തോടൊപ്പമോ ജൈവവളങ്ങളോടൊപ്പമോ ചേര്‍ത്തുകൊടുക്കാം. തരിരൂപത്തിലുള്ള കീടനാശിനികള്‍ മണ്ണില്‍ പ്രയോഗിക്കുമ്പോള്‍ ഫലപ്രാപ്തി ലഭിക്കുന്നതിന് നിലത്ത് മിനുക്കം വെള്ളമുണ്ടായിരിക്കണം. ഈ വെള്ളം കണ്ടത്തില്‍നിന്നു തന്നെ വലിയണം. 45 ദിവസത്തിനു മുകളില്‍ പ്രായമായ ചെടികളില്‍, കീടനാശിനി പ്രയോഗം ആവശ്യമാണെങ്കില്‍ തളിപ്രയോഗം തന്നെ നടത്തണം. കീടനാശിനികള്‍ തളിക്കുമ്പോള്‍ മിത്ര പ്രാണികള്‍ക്കു നാശമുണ്ടാകാന്‍ സാധ്യതയുണ്ട്.
കൂടാതെ ചില കീടനാശിനികള്‍ മുഞ്ഞയുടെ വംശ വര്‍ധനവിനു കാരണമാകുന്നവയാണ്. അതിനാല്‍ സാങ്കേതിക ഉപദേശം സ്വീകരിച്ചു മാത്രം രാസകീടനാശിനികള്‍ തെരഞ്ഞെടുക്കുകയും തളിക്കുകയും ചെയ്യുക. തുടരെത്തുടരെ കീടനാശിനികള്‍ പ്രയോഗിക്കുക, ശരിയായ അളവില്‍ വെള്ളം ഉപയോഗിക്കാതിരിക്കുക എന്നിവയെല്ലാം കീടനാശിനിയ്ക്കെതിരേ വളരെ വേഗത്തില്‍ കീടം പ്രതിരോധശേഷി ആർജിക്കാന്‍ കാരണമാകും. അതിനാല്‍ വളരെ ശ്രദ്ധാപൂര്‍വം വേണം കീടനാശിനി പ്രയോഗം നടത്താന്‍.
കൊതുമ്പ് പരുവം മുതലുള്ള ചെടികളിലെ കീടബാധ, ഉടനടി നിയന്ത്രണ വിധേയമാക്കണം. കൊതുമ്പോലയിൽ കീടാക്രമണം ഉണ്ടാകാതെ ശ്രദ്ധിക്കണം. വിവരങ്ങള്‍ക്ക് സംസ്ഥാന കീടനിരീക്ഷണ കേന്ദ്രവുമായി 938 3470697 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.