കൊലപാതകത്തിനുശേഷം ഒളിവിൽ കഴിഞ്ഞത് 31 വർഷം; പ്രതി പിടിയിൽ
1598090
Wednesday, October 8, 2025 11:41 PM IST
അമ്പലപ്പുഴ: കൊലപാതകത്തിനുശേഷം 31 വർഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് ചൂണ്ടാണിശേരി വീട്ടിൽ വർഗീസിനെ (61)യാണ് പോലീസ് പിടികൂടിയത്. മറ്റ് പ്രതികളായ പുന്നപ്ര തെക്ക് പഞ്ചായത്ത് പടിഞ്ഞാറേക്കര വീട്ടിൽ മൈക്കിൾ, പടിഞ്ഞാറേക്കര വീട്ടിൽ ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഒന്നാം പ്രതിയായ വർഗീസ് പോലീസിന് പിടികൊടുക്കാതെ ഒളിവിൽ പോവുകയായിരുന്നു. 1994ലാണ് കേസിനാസ്പദമായ സംഭവം. ഇവരുടെ സുഹൃത്തായിരുന്ന സ്റ്റീഫനെയാണ് കൊലപ്പെടുത്തിയത്.
മരണപ്പെട്ട സ്റ്റീഫനും പ്രതികളായ മൂന്നുപേരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ പ്രതികളെ ചീത്ത വിളിച്ചതിലുള്ള വൈരാഗ്യത്തിൽ മൂന്നുപേരും ചേർന്ന് സ്റ്റീഫനെ ആക്രമിക്കുകയായിരുന്നു.
പരിക്കേറ്റ സ്റ്റീഫൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു. ഒളിവിൽ പോയ വർഗീസ് വയനാട്ടിൽ തോട്ടം മേഖലയിൽ ജോലി ചെയ്തു. പിന്നീട് വിവിധ ജില്ലകളിൽ ഒളിവിൽ പോയശേഷം എറണാകുളത്തു വന്നു.
ഇവിടെവച്ച് ഇയാൾക്ക് അപകടം പറ്റുകയും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടുകയും ചെയ്തു. ചികിത്സ പൂർത്തിയായ ശേഷം തമിഴ്നാട്ടിലേക്ക് കടന്ന ഇയാൾ പിന്നീട് ആലപ്പുഴയിൽ എത്തിച്ചേർന്നു.
വിവരമറിഞ്ഞ് പുന്നപ്ര എസ്ഐ അരുണിന്റെ നേതൃത്വത്തിൽ സീനിയർ സിപിഒമാരായ അമർജ്യോതി, രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടുന്നത്.