കെഎസ്ആര്‍ടിസി എഐ കണക്ടുമായി വിദ്യാര്‍ഥികള്‍
1598088
Wednesday, October 8, 2025 11:41 PM IST
ചെങ്ങന്നൂര്‍: കെഎസ്ആര്‍ടിസിയുടെ സേവനങ്ങള്‍ സാധാരണ ജനങ്ങളിലേക്കു കൂടുതല്‍ വേഗത്തിലും മികച്ച സൗകര്യത്തോടെയും എത്തിക്കാനായി കെഎസ്ആര്‍ടിസി എഐ കണക്ടുമായി വിദ്യാര്‍ഥികള്‍. കെഎസ്ആര്‍ടിസി എഐ കണക്ട് സോഫ്റ്റ്വെയർ ആപ്ലിക്കേഷനാണ്. ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനിയറിംഗ് കോളജിലെ രണ്ടാം വര്‍ഷ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന് ലേണിംഗ് വിദ്യാര്‍ഥികളാണ് കെഎസ്ആര്‍ടിസിയെ ജനകീയമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ സ്മാര്‍ട്ട് ആപ്പിനു പിന്നില്‍.
പൊതുഗതാഗത മേഖലയ്ക്ക് ഒരു മുതല്‍ക്കൂട്ടാകുന്ന ഒട്ടേറെ പ്രത്യേകതകള്‍ ഈ ആപ്പിലുണ്ട്. ഇ-ടിക്കറ്റിംഗ് സൗകര്യത്തിനു പുറമെ യാത്രക്കാര്‍ക്കു സഹായകമാകുന്ന നിരവധി ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മന്ത്രിമാരുടെ അഭിനന്ദനം
കോളജ് കംപ്യൂട്ടര്‍ വിഭാഗം അധ്യാപകരുടെ അനുമതിയോടെ കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ ഈ ആപ്പിന്റെ പ്രവര്‍ത്തനം ഗതാഗതമന്ത്രി ഗണേഷ് കുമാറിനു മുന്‍പാകെ സെക്രട്ടറിയേറ്റില്‍ വിശദീകരിച്ചു. പുതിയ സംവിധാനത്തില്‍ സംതൃപ്തനായ മന്ത്രി കെഎസ്ആര്‍ടിസിയുടെ ഐടി വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്. നിഷാന്തിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരെ ആപ്പ് വിശദമായി പരിശോധിക്കാന്‍ ചുമതലപ്പെടുത്തി.
പരിശോധനയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ ആപ്ലിക്കേഷന്‍ മാനേജിംഗ് ഡയറക്ടര്‍ക്ക് കൈമാറാന്‍ നിര്‍ദേശിച്ചു. ആപ്പ് കൂടുതല്‍ മെച്ചപ്പെടുത്താനാവശ്യമായ എല്ലാ സഹായവും വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. ആപ്പിന്റെ പ്രവര്‍ത്തനം കണ്ട മന്ത്രി സജി ചെറിയാനും വിദ്യാര്‍ഥികളെ അഭിനന്ദിച്ചു. പരിസ്ഥിതി സംരക്ഷണം, പുക മലിനീകരണം കുറയ്ക്കല്‍, സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കല്‍, പൊതുഗതാഗതത്തിലേക്കു കൂടുതല്‍ ആളുകളെ ആകര്‍ഷിക്കല്‍ എന്നീ ലക്ഷ്യങ്ങള്‍ക്ക് ഈ പുതിയ ആപ്പ് പ്രയോജനകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കോളജ് പ്രിന്‍സിപ്പല്‍ വി.എസ്. ഹരി, മെഷീന് ലേണിംഗ് അധ്യാപിക ശാന്തി വിശ്വം, ക്ലാസ് അഡൈ്വസര്‍ ശ്യാമ എന്നിവരുടെ മാര്‍ഗനിര്‍ദേശത്തോടെ എസ്. മീനാക്ഷി, യു.എസ്. കാശിനാഥ്, എസ്. അനുശ്രീ, പാര്‍വതി വി. നായര്‍, പി. പ്രദീപ്, നന്ദു പ്രസാദ് എന്നിവരടങ്ങുന്ന വിദ്യാര്‍ഥി സംഘമാണ് ഈ നൂതന ആപ്പ് യാഥാര്‍ഥ്യമാക്കിയത്.
ആപ്പിന്റെ സവിശേഷതകള്‍
• സ്ലീപ് ഫ്രണ്ട്ലി അലര്‍ട്ട്
യാത്രാവേളയില്‍ ഉറങ്ങിപ്പോകുന്നവര്ക്ക് അവരുടെ ലക്ഷ്യസ്ഥാനം
എത്തുമ്പോള്‍ അറിയിപ്പ് നല്‍കാനുള്ള സംവിധാനം.
• പാര്‍ക്കിംഗ് റിസര്‍വേഷന്‍
സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള റിസര്‍വേഷന്‍ സൗകര്യം.
• സീറ്റ് ഹോള്‍ഡിംഗ് സ്റ്റൈല്‍
ബുക്കിംഗ്
ഉപയോക്താവിന്റെ സൗകര്യത്തിനനുസരിച്ചു സീറ്റുകള്‍
ബുക്ക് ചെയ്യാനും ഹോള്‍ഡ് ചെയ്യാനുമുള്ള രീതി.
• ലോസ്റ്റ് ആന്‍ഡ് ഫൗണ്ട് ഫെസിലിറ്റി
ബസ് യാത്രയ്ക്കിടെ നഷ്ടപ്പെടുന്ന സാധനങ്ങള്‍ വേഗത്തില്‍ തിരിച്ചുകിട്ടാനുള്ള സംവിധാനം.
• ലൈവ് ട്രാക്കിംഗ് ഫെസിലിറ്റി
ബസിന്റെ തത്സമയ ലൊക്കേഷന്‍ അറിയാനുള്ള സൗകര്യം.
• പാസഞ്ചര്‍ ഫീഡ്ബാക്ക് ഫെസിലിറ്റി
യാത്രക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാന്‍ അവസരം.