പാണ്ഡവൻപാറ- കാട്ടിൽപ്പടി റോഡ് കാട്ടുപാത; യാത്രക്കാർ ദുരിതത്തിൽ
1598097
Wednesday, October 8, 2025 11:41 PM IST
ചെങ്ങന്നൂർ: പാണ്ഡവൻപാറ-കല്ലുവരമ്പ് കാട്ടിൽപടി റോഡിന്റെ ശോച്യാവസ്ഥ കാരണം പ്രദേശവാസികളും യാത്രക്കാരും കടുത്ത ദുരിതത്തിൽ. നാലു വർഷം മുൻപ് കിഫ്ബി ശുദ്ധജല പദ്ധതിക്കു പൈപ്പിടാൻ കുഴിയെടുത്തതോടെയാണ് റോഡിന്റെ തകർച്ച പൂർണമായത്. റോഡിലുടനീളമുള്ള വലിയ കുഴികളിൽ മഴക്കാലത്ത് വെള്ളം നിറഞ്ഞു കിടക്കുന്നതു കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ദുരന്തമായി മാറി.
എളുപ്പവഴി
പൂപ്പള്ളി അരമന റോഡുകളിലൂടെ എംസി റോഡിലേക്കു കടക്കാനും കല്ലുവരമ്പ് വഴി ബഥേൽ ത്രിവേണി സ്റ്റോർ റോഡിലെത്തി എംസി റോഡിലേക്ക് പ്രവേശിക്കാനും എളുപ്പവഴിയായതിനാൽ ഒട്ടേറെ യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. റോഡിന്റെ മോശം അവസ്ഥ കാരണം ഇരുചക്ര വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും കേടുപാടുകൾ സംഭവിക്കുന്നു.
കല്ലുവരമ്പ്- മാലക്കടവ് റോഡും തകർച്ചയിൽ
ഇതിനൊപ്പം കല്ലുവരമ്പ് -മാലക്കടവ് റോഡും തകർന്നു കിടക്കുകയാണ്.
തോടിന്റെ വശത്തുകൂടി കടന്നുപോകുന്ന ഈ റോഡ് അപകടക്കെണിയിലാണ്. സംരക്ഷണ ഭിത്തിപോലും ഇല്ലാത്ത അവസ്ഥ വലിയ അപകടസാധ്യതയാണ് ഉയർത്തുന്നത്.
തകർന്നുകിടക്കുന്ന പാണ്ടവൻ പാറ-കാട്ടിൽപടി റോഡും സഞ്ചാരയോഗ്യമാക്കണം. കല്ലുവരമ്പ്-മാലക്കടവ് റോഡും അടിയന്തരമായി സംരക്ഷണഭിത്തി കെട്ടി ടാറിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.