തീരദേശപാത റെയില്‍പ്പാത ഇരട്ടിപ്പിക്കൽ മൂന്നു ഘട്ടമായി നടപ്പിലാക്കും
1598664
Friday, October 10, 2025 10:27 PM IST
അമ്പലപ്പുഴ: തീരദേശപാത ഇരട്ടിപ്പിക്കല്‍ മൂന്നു ഘട്ടമായി നടപ്പിലാക്കുമെന്നും ആദ്യഘട്ടം അമ്പലപ്പുഴ മുതല്‍ ആലപ്പുഴ വരെയാണെന്നും കെ.സി. വേണുഗോപാല്‍ എംപി. ആലപ്പുഴ വഴിയുള്ള തീരദേശ റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ മൂന്നു പ്രത്യേക പദ്ധതികളാക്കി വിഭജിച്ച് നടത്തിപ്പ് വേഗത്തിലാക്കാന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയതായി കെ.സി. വേണുഗോപാല്‍ എംപി അറിയിച്ചു. ഇതോടെ കഴിഞ്ഞ പത്തു വര്‍ഷമായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമാകും.
ആകെ പദ്ധതിച്ചെലവ് 1,726 കോടി രൂപയായി നിശ്ചയിച്ചിരുന്ന എസ്റ്റിമേറ്റ് തുക ഇതോടെ മൂന്നായി വിഭജിക്കും. ഇതനുസരിച്ച് അമ്പലപ്പുഴ മുതല്‍ ആലപ്പുഴ വരെയുള്ള 14 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കുന്നത് ആദ്യഘട്ടമായി ഏറ്റെടുക്കും. ഈ മേഖലയിലെ എസ്റ്റിമേറ്റ് വിശദ പരിശോധന നടത്തിവരികയാണ്.
ജനുവരിയോടെ ഡിപിആര്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ബോര്‍ഡിന്റെ അംഗീകാരം വാങ്ങി തുടര്‍നടപടികളിലേക്കു കടക്കുമെന്നും തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഇന്നലെ നടന്ന അവലോകന യോഗത്തില്‍ എംപിയെ അറിയിച്ചു. ഇതോടെ തിരുവനന്തപുരം മുതല്‍ ആലപ്പുഴവരെ ഇരട്ടപ്പാത പൂര്‍ത്തിയാകും.
ദീര്‍ഘദൂര ട്രെയിനുകള്‍ക്കുള്‍പ്പെടെ കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കുന്നതിനും ട്രെയിനുകളുടെ വേഗം കൂട്ടുന്നതിനും ഇതു സഹായകരമാകുമെന്നും എംപി പറഞ്ഞു. കരുനാഗപ്പള്ളി മുതല്‍ തുറവൂര്‍ വരെയുള്ള ലോക്സഭാ മണ്ഡലത്തിലെ ഏഴു പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഉന്നതതല റെയില്‍വേ ഉദ്യോഗസ്ഥ സംഘത്തോടൊപ്പം എംപി. സന്ദര്‍ശനം നടത്തിയതിന്റെ ഭാഗമായാണ് അവലോകന യോഗം ചേര്‍ന്നത്.
കരുനാഗപ്പള്ളിയില്‍ കഴിഞ്ഞമാസം അനുവദിച്ച ആറു കോടിയുടെ വികസന പദ്ധതികള്‍ക്കായുള്ള എസ്റ്റിമേറ്റ് ഉടന്‍ പൂര്‍ത്തിയാകും. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നവംബറോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
രണ്ടു ലിഫ്റ്റുകള്‍ക്ക് അനുമതിയായി. പ്രധാന സ്റ്റേഷന് കവാടം നവംബറോടെ യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കാനാകുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്കി.
അമ്പലപ്പുഴയില്‍ കൂടുതല്‍ മിനി പ്ലാറ്റ്ഫോം ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും. ദൈനംദിന ഹ്രസ്വദൂര എക്സ്പ്രസ് ട്രെയിനുകള്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോം വഴി കടത്തിവിടാനാകുമോ എന്നത് പരിശോധിക്കാന്‍ എം പി. നിര്‍ദേശിച്ചു. ഒരു ടോയ്ലറ്റ് കടി നിര്‍മ്മിക്കും. അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കും. സ്റ്റേഷനില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ എം പി. നിര്‍ദേശിച്ചു.
ആലപ്പുഴയിലെ അമൃത് ഭാരത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നവംബറോടെ പൂര്‍ത്തിയാകും. പ്ലാറ്റ്ഫോമുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഒരു ഐലന്‍ഡ് പ്ലാറ്റ്ഫോം കൂടി നിര്‍മ്മിക്കുന്നതിനുള്ള സാധ്യത തേടും. ചേര്‍ത്തലയില്‍ ദേശീയപാതയില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേയ്ക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് സര്‍വീസ് റോഡ് നിര്‍മ്മിക്കാന്‍ ആവശ്യമായ ഭൂമി റെയില്‍വേ ലീസ് അടിസ്ഥാനത്തില്‍ ദേശീയപാതാ അതോറിറ്റിക്ക് വിട്ടുനല്‍കും. ഇതിനാവശ്യമായ ജോയിന്റ് സര്‍വേ പൂര്‍ത്തിയായി.
ചേര്‍ത്തലയിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളില്‍ ലിഫ്റ്റുകള്‍ സ്ഥാപിക്കും. കൂടുതല്‍ ദൈനംദിന ഹ്രസ്വദൂര എക്സ്പ്രസ് ട്രെയിനുകള്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോം വഴി കടത്തിവിടുന്നതിന്റെ സാധ്യത പരിശോധിക്കും. മാരാരിക്കുളത്ത് പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടും. പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടുന്ന പ്രവൃത്തിയും ഉടന്‍ ആരംഭിക്കും. സ്റ്റേഷനില്‍ ഫുട്ഓവര്‍ ബ്രിഡ്ജ് അനുവദിച്ചതായും എംപി പറഞ്ഞു.
അരൂര്‍, എഴുപുന്ന, കലവൂര്‍, വയലാര്‍, തുമ്പോളി എന്നിവിടങ്ങളിലും പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
മെമുവിന്റെ റേക്കുകള്‍ മെയിന്റനന്‍സിനായി ചെന്നൈയിലേയ്ക്ക് കൊണ്ടുപോകുന്നതുകാരണം ആലപ്പുഴവഴി പോകുന്ന മെമു ട്രെയിനുകളില്‍ 16 കോച്ചിനു പകരം 12 കോച്ചായി കുറയുന്നതുമൂലം വലിയ തിരക്കണ് അനുഭവപ്പെടുന്നത്. ഇതിനു പരിഹാരമായി മെയിന്റനന്‍സിനുള്ള റേക്കുകള്‍ക്കു പകരം ഉപയോഗിക്കുന്നതിന് എട്ടു കോച്ചുകളുള്ള ഒരു റേക്ക് കൂടി അനുവദിപ്പിക്കാന്‍ റെയില്‍വേ ബോര്‍ഡില്‍ സമ്മര്‍ദം ചെലുത്തുമെന്ന് എംപി പറഞ്ഞു.