നിയമനരംഗത്തെ അനിശ്ചിതത്വം അവസാനിപ്പിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
1597829
Tuesday, October 7, 2025 11:25 PM IST
എടത്വ: ന്യൂനപക്ഷ അവകാശങ്ങള്ക്കനുസൃതവും സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചും പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്കൂളുകള്‍ അഭിമുഖീകരിക്കുന്ന അധ്യാപക നിയമന പ്രശ്നം ഗൗരവമായി പഠിച്ചു പരിഹാരം കണ്ടെത്താന്‍ മുന്നോട്ടുവരാത്ത സര്‍ക്കാര്‍ നിലപാടിനെ മരിയാപുരത്ത് ചേര്‍ന്ന കത്തോലിക്ക കോണ്‍ഗ്രസ് നേതൃയോഗം അപലപിച്ചു.
അപക്വവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങള്‍ ഉന്നയിച്ച് തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ പുറപ്പെടുവിച്ചു മാനേജ്മെന്റുകളെ പ്രതിസ്ഥാനത്ത് നിര്‍ത്താനുള്ള ശ്രമങ്ങളില്‍ നിന്നു ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നു യോഗം ആവശ്യപ്പെട്ടു.
നാനാജാതി മതസ്ഥരായ വിദ്യാര്‍ഥികള്‍ അധ്യയനം നടത്തുന്ന എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനകാര്യത്തില്‍ ചുമതലപ്പെട്ടവര്‍തന്നെ മതാടിസ്ഥാനത്തില്‍ വിഷയങ്ങളെ സമീപിക്കുന്നതിലെ അനൗചിത്യവും ഗൂഢലക്ഷ്യവും ഗ്രഹിക്കാനുള്ള പ്രാപ്തി പൊതുസമൂഹത്തിനുണ്ടെന്ന് യോഗം വിലയിരുത്തി.
വിദ്യാഭ്യാസവകുപ്പിന്റെ എല്ലാ പദ്ധതികളുടെയും വിജയത്തിന് അധ്യാപകരുടെ പങ്ക് നിര്‍ണായകമാണെന്നിരിക്കെ അവരുടെ വേതനം നിഷേധിക്കുന്ന സമീപനം ഉപേക്ഷിച്ച് ഈ രംഗത്തെ അനിശ്ചിതത്വം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു.
സംസ്ഥാനതല അവകാശ സംരക്ഷണ യാത്രയ്ക്ക് രാമങ്കരിയില്‍ സ്വീകരണം നല്‍കാനും തീരുമാനിച്ചു.
പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഡോ. അജോ പീടിയേക്കല്‍ ഉദ്ഘാടനം ചെയ്തു. ഫൊറോനാ പ്രസിഡന്റ് തോമസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. മോഡി വര്‍ഗീസ്, സി.സി. ജോസ്, വി.ഡി. ജോസ്, ത്രേസ്യാമ്മ ജോസഫ്, മിനി ജോസ്, സാലിമ്മ മാത്യു എന്നിവര്‍ പ്രസംഗിച്ചു.