കുട്ടനാടിന്റെ വിരൽത്താളം മാഞ്ഞു
1598094
Wednesday, October 8, 2025 11:41 PM IST
ചമ്പക്കുളം: ഇന്നലെ അന്തരിച്ച ചമ്പക്കുളം ഗോപിനാഥ് (78) എന്ന മൃദംഗ വിദ്വാൻ കുട്ടനാടിന്റെ വിരൽത്താളമായിരുന്നു. മൃദംഗത്തിൽ തന്റേതായ ഒരു വിരുത് അവശേഷിപ്പിച്ച് കടന്നുപോയ ഈ കലാകാരന് നാടും കലാലോകവും വേണ്ട പരിഗണനയും സ്ഥാനവും നല്കിയോ എന്നതിൽ സംശയം ബാക്കിയാണ്.
ചമ്പക്കുളത്ത് ആശാരിപ്പറമ്പിൽ മൃദംഗ വിദ്വാനായ പിതാവ് ഭാസ്കരനാചാരിയിൽനിന്നു പ്രാഥമിക പാഠങ്ങൾ സ്വായത്തമാക്കി തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിൽ പഠനം നടത്തിയ ഗോപിനാഥ് മൃദംഗത്തിൽ അഗ്രഗണ്യനായ മാവേലിക്കര വേലുക്കുട്ടി ആശാന്റെ അരുമ ശിഷ്യനായി മാറി. തന്റെ സഹപാഠിയും മലയാളത്തിലെ പ്രമുഖ നടനുമായിരുന്ന അന്തരിച്ച നെടുമുടി വേണുവിനൊപ്പം ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള ഗോപിനാഥൻ ഒരിക്കലും തന്റെ ജന്മനാടായ ചമ്പക്കുളം വിട്ടുപോകാൻ തയാറല്ലായിരുന്നു.
കേരളത്തിലെ പ്രമുഖരായ ഒട്ടുമിക്ക സംഗീതജ്ഞരോടുമൊപ്പം കച്ചേരിക്ക് മൃദംഗം വായിക്കാൻ ഭാഗ്യം സിദ്ധിച്ചിട്ടുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. കുട്ടനാട്ടിലും സമീപപ്രദേശങ്ങളിലുമായി ആൺ പെൺ വ്യത്യാസമില്ലാതെയും ഹിന്ദു-ക്രിസ്ത്യൻ വേർതിരിവില്ലാതെയും നിരവധി കലാകാരൻമാരെയും കലാകാരികളെയും വിരലിന്റെ താളത്തിലേക്ക് അദ്ദേഹം കൈപിടിച്ച് ഉയർത്തിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി രോഗാവസ്ഥയിലായിരുന്നെങ്കിലും ആറുമാസങ്ങൾക്ക് മുൻപ് വരെ അദ്ദേഹം തന്റെ ശിഷ്യർക്ക് പരിശീലനം നല്കി വന്നിരുന്നു. കലാരംഗത്തെ വിവിധ പുരസ്കാരങ്ങൾ വിവിധ കാലങ്ങളിലായി ലഭിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് ഇണങ്ങിയ അംഗികാരങ്ങൾ ഒരിക്കലും ലഭിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം.