കഞ്ചാവുമായി അസം സ്വദേശി പിടിയിൽ
1598667
Friday, October 10, 2025 10:27 PM IST
ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടരക്കിലോ കഞ്ചാവുമായി അസം സ്വദേശി സഫിക്കുർ റഹ്മാൻ (22) അറസ്റ്റിലായി. ഹോജയി സ്വദേശിയായ ഇയാളെ ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും ചെങ്ങന്നൂർ ആർപിഎഫും ചെങ്ങന്നൂർ എക്സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
കന്യാകുമാരിക്ക് പോകുന്ന വിവേക് എക്സ്പ്രസ് സ്റ്റേഷൻ വിട്ട ഉടൻ, ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ വടക്കേ അറ്റത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ പിടികൂടുകയായിരുന്നു. സിലിഗുഡിയിൽനിന്നു വാങ്ങിയ കഞ്ചാവുമായി റെയിൽവേ സ്റ്റേഷനു പുറത്തേക്ക് കുറുക്കുവഴിയിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി വലയിലായത്.
പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഏകദേശം ഒന്നരലക്ഷം രൂപ വിലവരും. ചെറുപൊതികളാക്കി വടക്കേ ഇന്ത്യൻ സംസ്ഥാന തൊഴിലാളികൾക്ക് മറിച്ചുവിറ്റ് അമിത ലാഭം നേടാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നു പ്രതി സമ്മതിച്ചു.
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ സമാനമായ രീതിയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ കേസാണിതെന്ന് എക്സൈസ് സംഘം പറഞ്ഞു. തിരുവോണസമയത്ത് ക്രിക്കറ്റ് ബാറ്റിനുള്ളിൽ 15 കിലോ കഞ്ചാവ് കടത്തിയ ബംഗാൾ സ്വദേശിയെയും ഒരു മാസം മുമ്പ് ഇതേ സ്റ്റേഷനിൽ അറസ്റ്റ് ചെയ്തിരുന്നു.