പോളശല്യം: കക്കാവാരൽ തൊഴിലാളികള്‍ കായലിൽ കുടുങ്ങി
1598100
Wednesday, October 8, 2025 11:41 PM IST
ചേര്‍ത്തല: വേമ്പനാട്ടുകായലില്‍നിന്ന് കക്കാ വാരി മടങ്ങുന്നതിനിടെ പോള മൂലം മണിക്കൂറുകളോളം തൊഴിലാളികൾ കായലിൽ കുടുങ്ങി. തണ്ണീര്‍മുക്കം പഞ്ചായത്ത് ആറാം വാര്‍ഡില്‍ പടിഞ്ഞാറേ കൂറ്റനാട് രാജേഷ് (43), ഗിരീഷ് ഭവനത്തില്‍ ഗിരീഷ് (38) എന്നിവരെയാണ് അഗ്നിശമന സേനയും പ്രദേശവാസികളും രക്ഷപ്പെടുത്തിയത്.
കക്കാവാരാന് പോയ വള്ളങ്ങളില്‍ യന്ത്രം ഘടിപ്പിച്ചിരുന്നെങ്കിലും കനത്തതോതില്‍ പോള തിങ്ങി നിറഞ്ഞിരുന്നതിനാൽ വള്ളത്തിനു നീങ്ങാൻ കഴിഞ്ഞി ല്ല. ഇന്നലെ രാവിലെ അഞ്ചോടെയാണ് ഇവര്‍ യന്ത്രം ഘടിപ്പിച്ച വള്ളങ്ങളില്‍ കക്കാവാരാന് പോയത്. കക്കാ വാരി മടങ്ങുന്നതിനിടെ ഒമ്പതരയോടെയാണ് ലക്ഷ്മികരി മേഖലയിലെ തിങ്ങി നിറഞ്ഞിരിക്കുന്ന പോളപ്പായലില്‍ വള്ളങ്ങള്‍ കുടുങ്ങിയത്.
അഗ്നിശമന സേന ചേര്‍ത്തല അസി. സ്റ്റേഷന് ഓഫീസര്‍ ശ്രീകുമാര്‍, ഗ്രേഡ് ഓഫീസര്‍ ആര്. മധു, ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍മാരായ കെ.ആര്. രഞ്ജിത്ത്, എ.എസ്. സുധീഷ്, എസ്. ഉണ്ണി, വി. വിനീത്, ഹോംഗാര്‍ഡ് അനീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി.