സ്തനാർബുദ ബോധവത്കരണ കാമ്പയിൻ പിങ്ക് പ്രോമിസ് - സമാപനം ചെങ്ങന്നൂരിൽ
1598675
Saturday, October 11, 2025 12:04 AM IST
ചെങ്ങന്നൂർ: ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ സർക്കാരുമായി ചേർന്ന് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഒരു വർഷമായി നടത്തിവരുന്ന സ്തനാർബുദ ബോധവൽക്കരണ പരിപാടിയായ -പിങ്ക് പ്രോമിസ് - ക്യാംപയിൻ സമാപനം ഇന്നു രാവിലെ 10.30 ന് നടക്കും.
ചെങ്ങന്നൂർ കെ.എം.സി. ഹോസ്പിറ്റലിൽ നടക്കുന്ന സമാപന സമ്മേളനം സിനിമാ താരം മല്ലിക സുകുമാരൻ ഉദ്ഘാടനം ചെയ്യും. ആശുപത്രി മാനേജിംഗ് ഡയറക്ടർ റവ. ഡോ. അലക്സാണ്ടർ കൂടാരത്തിൽ അധ്യക്ഷത വഹിക്കും. ഡോ. മരിയ ഉമ്മൻ മുഖ്യപ്രഭാഷണം നടത്തും.
കാൻസർ ചികിത്സയിലെ നൂതന രീതികളെക്കുറിച്ചു ഓങ്കോളജി വിഭാഗം മെഡിക്കൽ ഡയറക്ടർ ഡോ. സാറ ഈശോ, സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ജോൺ തോമസ്, റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. ബോവസ് വിൻസെന്റ്, മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. നിഥുൻ വി. അശോക് എന്നിവർ ക്ലാസെടുക്കും.
സമാപന സമ്മേളനത്തിന് മുന്നോടിയായി പൊതുജന പങ്കാളിത്തത്തോടെ വോക്കത്തോണും നടക്കും. ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിക്കുന്ന വോക്കത്തോൺ ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാർ ഫ്ലാഗ് ഓഫ് ചെയ്യും. ഇരുനൂറോളം പേർ പങ്കെടുക്കുന്ന വോക്കത്തോൺ, സ്തനാർബുദത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിൽ വലിയ പങ്കുവഹിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരു വർഷം നീണ്ടുനിന്ന -പിങ്ക് പ്രോമിസ് - കാമ്പയിൻ വഴി നിരവധി ആളുകളിലേക്ക് സ്തനാർബുദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രോഗം നേരത്തെ കണ്ടെത്തിയാലുള്ള ചികിത്സാ സാധ്യതകളെക്കുറിച്ചുമുള്ള വിവരങ്ങൾ എത്തിക്കാൻ സാധിച്ചു.