ട്രാൻസ്ഫോർമർ സംരക്ഷണവേലി വാഹന യാത്രക്കാർക്ക് കെണി
1597831
Tuesday, October 7, 2025 11:25 PM IST
അമ്പലപ്പുഴ: റോഡരികിലുള്ള ട്രാൻസ്ഫോർമറിന്റെ സംരക്ഷണവലയം വാഹന യാത്രക്കാർക്ക് കെണിയാകുന്നു. പുന്നപ്ര കപ്പക്കട പത്തി പാലത്തിനു സമീപമാണ് അപകടം തുടർക്കഥയാകുന്നത്.
ദേശീപാതയ്ക്ക് കിഴക്ക് ഭാഗത്തുകൂടി കടന്നുപോകുന്ന പഴയ നടക്കാവ് റോഡിനോട് ചേർന്നാണ് ട്രാൻസ്ഫോർമറിന് സംരക്ഷണം ഒരുക്കി ഇരുമ്പ് വേലി പിടിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഇതിന്റെ കുറെ ഭാഗം റോഡിന്റെ വശങ്ങളിലേക്ക് നീണ്ടുനിൽക്കുകയാണ്.
ഗതാഗതതടസം ഉണ്ടാക്കുന്ന തരത്തിലുള്ള സംരക്ഷണ വേലിയിൽ തട്ടി ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ഇതിനു സമീപം പാലവും തോടും ഉള്ളതിനാൽ കമ്പിയിൽ തട്ടി വാഹനം നിയന്ത്രണം തെറ്റിയാൽ തോട്ടിൽ അകപ്പെടും.
ചുറ്റുവേലിയുടെ അപകടാവസ്ഥ മാറ്റാൻ പുന്നപ്ര വൈദ്യുത സെക്ഷൻ അധികൃതർ തയാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.