മാവേലിക്കര ബിജെപിയിൽ സേവ് ലോട്ടസ് പൊട്ടിത്തെറി ; നേതൃത്വത്തിനെതിരേ പ്രവര്‍ത്തകര്‍, നഗരസഭയിൽ കൂട്ടരാജി ഭീഷണി
1598447
Friday, October 10, 2025 4:57 AM IST
മാവേലിക്കര: മാവേലിക്കരയിലെ ബിജെപിയില്‍ വന്‍ പൊട്ടിത്തെറി. സേവ് ലോട്ടസ് എന്ന ഗ്രൂപ്പിലൂടെ സംഘടിച്ചാണ് നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്തുവന്നിരിക്കുന്നത്. നിയോജക മണ്ഡലം നേതാക്കള്‍ അടക്കമുള്ളവർക്കെതിരേ സാമ്പത്തിക അഴിമതി ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്.
സംസ്ഥാന നേതൃത്വം ഇടപെട്ട് ആരോപണ വിധേയര്ക്കതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ മാവേലിക്കര നഗരസഭയിലെ ബിജെപി മെംബര്‍മാര്‍ ഒന്നടങ്കം രാജിവയ്ക്കുമെന്ന ഭീഷണിയും സേവ് ലോട്ടസ് മുഴക്കിയിട്ടുണ്ട്.
നിയോജക മണ്ഡലം പ്രസിഡന്റ് വിനീതിനെ സ്ഥാനത്തുനിന്നു നീക്കിയതു മുതല്‍ മാവേലിക്കര ബിജെപിയില്‍ അസ്വസ്ഥതകള്‍ ഉയര്‍ന്നു തുടങ്ങിയിരുന്നു. ഇതിനിടെ, പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലായെന്ന ആക്ഷേപം ഉയര്‍ത്തി മാവേലിക്കര നഗരസഭ ബിജെപി പാര്‍ലമെന്ററി ലീഡര്‍ സ്ഥാനത്തുനിന്നു നഗരസഭ ഒന്നാം വാര്‍ഡ് മെമ്പര്‍ എച്ച്. മേഘനാഥ് രാജിവച്ചു.
ഇതിനു പിന്നാലെയാണ് നേതൃത്വത്തിനെതിരേ പരസ്യവിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. അടുത്ത രണ്ട് തെരഞ്ഞെടുപ്പുകളിൽ സാന്പത്തിക നേട്ടം ലക്ഷ്യമിട്ടവരാണ് വിനീതിനെതിരേ കരുനീക്കിയതെന്നാണ് ആരോപണം. വിനീതിനെ മാറ്റിയതോടെ ഉയര്‍ന്ന പൊട്ടിത്തെറി സംസ്ഥാന അധ്യക്ഷന്‍തന്നെ നേരിട്ടിറങ്ങിയാണ് പരിഹരിച്ചത്.
ആരോപണങ്ങൾ ഇങ്ങനെ
എന്നാല്‍, വീണ്ടും പ്രശ്നങ്ങൾ രൂക്ഷമാവുകയാണ്. നിലവില്‍ നഗരത്തിലെ നാലേക്കര്‍ സ്ഥലം നികത്തുന്നത് അവസാനിപ്പിക്കാനായി നഗരസഭ മെംബര്‍മാരും പ്രവര്‍ത്തകരും നേതൃത്വത്തിനു നല്കിയ രേഖകള്‍ ഉപയോഗിച്ച് വസ്തു ഉടമയുടെ പക്കല്‍നിന്നു പണം വാങ്ങി, വസ്തു നികത്താന്‍ കൂട്ടുനിന്നു, ബിജെപി ജില്ലാ ഓഫീസിന്റെ പേരില്‍ വ്യാപക പണപ്പിരിവ്, വിവിധ അനധികൃത പണപരമായ ആരോപണങ്ങള്‍ എന്നിവയാണ് സേവ് ലോട്ടസ് ഉയര്‍ത്തിയിരിക്കുന്നത്.
ആശങ്കയിൽ നേതൃത്വം
നഗരസഭയിലെ ഒരു വാര്‍ഡ് മെംബര്‍ അഡ്മിനായ ഗ്രൂപ്പില്‍ നിരവധി മുന്‍നിര നേതാക്കളും അംഗങ്ങളായുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിൽക്കല് എത്തിയപ്പോഴുള്ള ഈ പൊട്ടിത്തെറി നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. ബിജെപി ഭരണം പിടിക്കാൻ ലക്ഷ്യമിടുന്ന നഗരസഭ കൂടിയാണിത്.
നിലവില്‍ യുഡിഎഫ്, എല്‍ഡിഎഫ് ഘടക കക്ഷിയായ ജനാധിപത്യ കേരള കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയോടെ ഭരിക്കുന്ന നഗരസഭയില്‍ കോണ്‍ഗ്രസ്-9, ബിജെപി-9, സിപിഎം-8, ജനാധിപത്യ കേരള കോണ്‍ഗ്രസ് -1, സ്വതന്ത്രന് -1 ഇങ്ങനെയാണ് കക്ഷിനില. ഈ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാമെന്ന ബിജെപി മോഹത്തിനാണ് പുതിയ തർക്കങ്ങൾ ഭീഷണിയായിരിക്കുന്നത്.
പരാതിയുള്ളവര്‍ കോടതിയെ സമീപിക്കട്ടെ: സന്ദീപ് വചസ്പതി
മാവേലിക്കര: സമ്പത്തിക ആരോപണവുമായും ഇപ്പോള്‍ ഉയര്‍ന്നുവരുന്ന വിഷയങ്ങളുമായോ ബന്ധപ്പെട്ടു പാര്‍ട്ടിയെ പരാതിയുമായി ആരും സമീപിച്ചിട്ടില്ലെന്ന് ബിജെപി ആലപ്പുഴ തെക്കന്‍ ജില്ല അധ്യക്ഷന്‍ സന്ദീപ് വചസ്പതി. പരാതി ഉണ്ടെങ്കില്‍ അവര്‍ പോലീസിനേയോ കോടതിയെയോ സമീപിക്കട്ടെ.
രാജിഭീഷണി മുഴക്കുന്നവർ പേര് പുറത്തുവിടണം. മുന്‍ ജില്ലാ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പാണ് സേവ് ലോട്ടസ്. അതിൽ ആരോ ഇട്ട ഒരു പോസ്റ്റാണ് വിവാദത്തിനു കാരണം. താനതില്‍ അംഗമല്ലെന്നും വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനില്ലെന്നും സന്ദീപ് പറഞ്ഞു.