പ്രോജക്ട് ഉദ്ഘാടനവും ശതാബ്ദി വാര്‍ഷികാഘോഷ പ്രഖ്യാപനവും നാളെ
1598440
Friday, October 10, 2025 4:57 AM IST
ചേര്‍ത്തല: ചേര്‍ത്തല തെക്ക് സര്‍വീസ് സഹകരണ ബാങ്കിന്റെ അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രച്ചര്‍ പ്രോജക്ട് ഉദ്ഘാടനവും ശതാബ്ദി വാര്‍ഷികാഘോഷ പ്രഖ്യാപനവും 11ന് നടത്തും. പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബാങ്ക് പ്രസിഡന്റ് കെ. രമേശന്, സെക്രട്ടറി കെ.വി. ഷീബ, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ആര്. സുഖലാല്‍, ശോഭ സുധാകരന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നബാര്‍ഡിന്റെ പദ്ധതി പ്രകാരം അനുവദിച്ച ഒന്നരക്കോടി രൂപ ഉള്‍പ്പെടെ 1.68 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സംയോജിത മത്സ്യകൃഷി പദ്ധതി, പോളി ഹൗസ്, ബയോ ഫ്ളോക്ക് സിസ്റ്റം, അക്വാ പോണിക്സ്, കാര്‍ഷിക ഗോഡൗണ്‍ തുടങ്ങിയവയാണ് നടപ്പാക്കുന്നത്. 11ന് പകല്‍ രണ്ടിന് മന്ത്രി സജി ചെറിയാന് എഐഎഫ് ഗോഡൗണ്‍ ഉദ്ഘാടനവും ശതാബ്ദി വാര്‍ഷിക ആഘോഷ പ്രഖ്യാപനവും നടത്തും.
അരീപ്പറമ്പില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി പി. പ്രസാദ് അധ്യക്ഷനാകും. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ നാഗേഷ്കുമാര്‍ അനുമാല അഗ്രികള്‍ച്ചര്‍ പ്രോജക്ട് ഉദ്ഘാടനം ചെയ്യും. ആര്. നാസര്‍ പദ്ധതിക്കു തുടക്കം കുറിച്ചവരെ ആദരിക്കും.
പോളി ഹൗസ് ഫാമിംഗ് വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദും ബയോഫ്ളോക്സ് മത്സ്യക്കൃഷി വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനനും ഉദ്ഘാടനം ചെയ്യും. കേരള ബാങ്ക് ഡയറക്ടര്‍ പി. ഗാനകുമാര്‍ സീഡ്ലിങ്ക് നഴ്സറി യൂണിറ്റ് ഉദ്ഘാടനം ചെയ്യും.