അതിവിശാലം സെന്റ് മേരീസ് പാലം, ചേർത്തലയ്ക്കിത് അഭിമാനം
1598448
Friday, October 10, 2025 4:57 AM IST
ചേർത്തല: നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ ചേർത്തല സെന്റ് മേരീസ് പാലത്തിന്റെ നിർമാണം പൂർത്തിയാവുന്നു. ഗതാഗതം മുടക്കിയും വഴിതിരിച്ചുവിട്ടും യാത്രക്കാർ കഷ്ടപ്പെട്ടതിന്റെ പ്രയോജനം യാത്രക്കാരെ സംതൃപ്തരാക്കുന്നു.
വിശാലമായ രണ്ട് കവലകളാണ് പാലത്തിന് ഇരുപുറവും തയാറായിരിക്കുന്നത്. പാലത്തിന്റെ കിഴക്ക് ഭാഗത്ത് ആലപ്പുഴ - ചേർത്തല റോഡിലേക്ക് പോകുന്നതു കൂടാതെ വലത്തേക്ക് തിരിഞ്ഞ് ഹൈവേയിലേക്ക് പോകാനും ഇടത്തേക്ക് തിരിഞ്ഞ് അരൂക്കുറ്റി തുടങ്ങിയ ഭാഗത്തേക്ക് പോകുവാനും സാധിക്കുന്നു. സെന്റ് മേരീസ് പാലത്തിന് പടിഞ്ഞാറു ഭാഗത്തും അർത്തുങ്കൽ, ഹൈവേ, മുട്ടം പട്ടണം തുടങ്ങിയ ദിശകളിലേക്കു പോകാനും കഴിയും.
ജില്ലയിലെ തന്നെ പ്രധാന ഗേൾസ് ഹൈസ്കൂളായ സെന്റ് മേരീസ് ജിഎച്ച്എസിനു മുന്നിൽ വലതുഭാഗത്തായി തലയെടുപ്പോടെ വിശാലമായ റോഡ് സൗകര്യത്തോടെ ഒരുങ്ങുന്ന പാലം ചേർത്തല നിവാസികൾക്ക് വലിയ യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നു.
ചേർത്തലയിലെ റോഡുകളുടെ പ്രധാന സംഗമസ്ഥാനങ്ങളാണ് ഇരുമ്പുപാലം, പടയണിപ്പാലം, സെന്റ് മേരീസ് പാലം എന്നിവ. ദേശീയപാത കടന്നുപോകുന്ന ആഹ്വാനം കലിങ്ക് പാലവും ചേർത്തലയുടെ കണക്കിൽ പെടുത്താമെങ്കിലും തോടിന് ഇരുപുറവുമുള്ള ചേർത്തല നഗരത്തിലെ ഇരുകരകളെ പ്രധാനമായി ബന്ധിപ്പിക്കുന്ന മൂന്നു പാലങ്ങൾ മുകളിൽ പറഞ്ഞതാണ്.
അതിൽ തെക്കേ ഭാഗത്തെ പാലമായ സെന്റ് മേരീസ് പാലമാണ് ടാർ ചെയ്തത്. ഇനി വടക്കുഭാഗത്തെ ഇരുമ്പു പാലവും നടുഭാഗത്തെ പടയണി പാലവുമാണ് നവീകരിക്കാനുള്ളത്. ഏറെ തിരക്കുകളുള്ള ഈ രണ്ടു പാലങ്ങളും നവീകരണ ഭാഗമായി ബ്ലോക്ക് ചെയ്യുമ്പോൾ ആശ്രയമാകേണ്ട സെന്റ് മേരീസ് പാലത്തിന്റെ പൂർത്തീകരണം യാത്രക്കാർക്ക് അനുഗ്രഹം തന്നെ.
ചേർത്തല നഗരത്തിന്റെ മുഖഛായ തന്നെ മാറുന്നതായിരിക്കും ഇരുമ്പുപാലം, പടയണി പാലം എന്നിവ കൂടി നവീകരിക്കുമ്പോൾ സംഭവിക്കുന്നത്. ദേശീയപാതയിൽനിന്ന് നഗരത്തിലേക്ക് കടന്നുവരുന്ന വാഹനങ്ങളുടെ പ്രധാന കവാടമാകുന്ന വടക്കേ അങ്ങാടി കവല സഞ്ചാരയോഗ്യമായെങ്കിലും മുഴുവൻ പണിയും കഴിഞ്ഞിട്ടില്ല. ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ വച്ച് പൂർത്തിയാക്കി ഇരുമ്പുപാലത്തിലേക്ക് കണക്ട് ചെയ്യുമ്പോൾ വലിയ സഞ്ചാര സൗകര്യമാണ് ഉണ്ടാവാൻ പോകുന്നത്. കാര്യങ്ങൾ സമയബന്ധിതമായി നടക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.