തദ്ദേശ തെരഞ്ഞെടുപ്പ്: വരണാധികാരികള്‍ക്കുള്ള പരിശീലനത്തിനു തുടക്കം
1597832
Tuesday, October 7, 2025 11:25 PM IST
ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും വിവിധ വിഷയങ്ങളിലുള്ള പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്, ആലപ്പുഴ നഗരസഭ വരണാധികാരികള്‍, ഉപ-വരണാധികാരികള്‍, തൈക്കാട്ടുശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി എന്നീ ബ്ലോക്കുകളിലെയും അവയ്ക്ക് കീഴില്‍ വരുന്ന പഞ്ചായത്തുകളിലെയും വരണാധികാരികള്‍, ഉപ-വരണാധികാരികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിജു അധ്യക്ഷനായി. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ എന്ന വിഷയത്തില്‍ എല്‍എസ്ജിഡി ഇന്ത്യന്‍ വിജിലന്‍സ് ഓഫീസര്‍ പി.പി. ഉദയസിംഹന്‍, എല്‍എസ്ജിഡി ജൂണിയര്‍ സൂപ്രണ്ട് എം.ഡി. കരണ്‍ എന്നിവര്‍ പരിശീലനം നല്കി. എല്‍എസ്ജിഡി സീനിയര്‍ സൂപ്രണ്ട് ബിനു ഗോപാല്‍ മാതൃക പെരുമാറ്റച്ചാട്ടം, ഹെഡ് ക്ലര്‍ക്ക് എം.എസ്. നിയാസ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്, എല്‍എസ്ജിഡി ടെക്നിക്കല്‍ അസി. ദീപു കൃഷ്ണന് ഐടി ആപ്ലിക്കേഷന്‍സ് എന്നിവയില്‍ പരിശീലനം നല്കി. ജില്ലാ ട്രെയിനിംഗ് നോഡല്‍ ഓഫീസറും അമ്പലപ്പുഴ തഹസില്‍ദാറുമായ എസ്. അന്‍വര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ന് കായംകുളം, ഹരിപ്പാട്, മാവേലിക്കര എന്നീ നഗരസഭകള്‍, ആര്യാട്, അമ്പലപ്പുഴ, ചമ്പക്കുളം എന്നീ ബ്ലോക്കുകളിലെയും അവയ്ക്ക് കീഴില്‍ വരുന്ന പഞ്ചായത്തുകളിലെയും വരണാധികാരികള്‍, ഉപ-വരണാധികാരികള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കും.
നാളെ വെളിയനാട്, ചെങ്ങന്നൂര്‍, ഹരിപ്പാട് എന്നീ ബ്ലോക്കുകളിലെയും അവയ്ക്ക് കീഴില്‍ വരുന്ന പഞ്ചായത്തുകളിലെയും വരണാധികാരികള്‍ക്കും ഉപ വരണാധികാരികള്‍ക്കും പരിശീലനം നല്‍കും. 10ന് ചേര്‍ത്തല നഗരസഭ, മാവേലിക്കര, ഭരണിക്കാവ്, മുതുകുളം എന്നീ ബ്ലോക്കുകളിലെയും അവയ്ക്ക് കീഴില്‍ വരുന്ന പഞ്ചായത്തുകളിലെയും വരണാധികാരികള്‍, ഉപവരണാധികാരികള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കും.