അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കൽ പൂര്‍ത്തിയാക്കണം: കെ.സി. വേണുഗോപാല്‍
1598098
Wednesday, October 8, 2025 11:41 PM IST
അമ്പലപ്പുഴ: അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കൽ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് കെ.സി. വേണുഗോപാല്‍ എംപി. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് നിവേദനം നല്കി. പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിന് ഒരു സമയപരിധി നിശ്ചയിച്ച് ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതി വേഗത്തിലാക്കുന്നതിന് റെയില്‍വേ ബോര്‍ഡിനു നിര്‍ദേശം നല്കുമെന്നു മന്ത്രി എംപിക്ക് ഉറപ്പുനൽകി.
പിഎം ഗതിശക്തി പദ്ധതിയിൽ ഉൾപ്പെട്ട ആലപ്പുഴ, കായംകുളം സ്റ്റേഷനുകളിൽ നടന്നുവരുന്ന നിർമാണപ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാൻ നിർദേശം നൽകാമെന്നും മന്ത്രി അറിയിച്ചു. കോട്ടയം -ആലപ്പുഴ വഴി പോകുന്ന വന്ദേ ഭാരത് ട്രെയിനുകൾക്കു കായംകുളത്തു സ്റ്റോപ്പ് നൽകുന്ന കാര്യം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
വിവിധ സ്റ്റേഷനുകളിൽ യാത്രക്കാരുടെ എണ്ണവും വരുമാനവും അടിസ്ഥാനപ്പെടുത്തി വിവിധ ട്രെയിനുകൾക്കു സ്റ്റോപ്പുകൾ അനുവദിക്കുന്നതിന് മന്ത്രി നിർദേശം നൽകി. എംപിയും മന്ത്രിയുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഇന്ന് കായംകുളത്തും ആലപ്പുഴയിലും എത്തി അമൃത് ഭാരത് നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തും.
അമ്പലപ്പുഴയ്ക്കും ആലപ്പുഴയ്ക്കും ഇടയിലുള്ള 14 കിലോമീറ്റര്‍ വരുന്ന ഭാഗത്തെ സ്ഥലമെടുപ്പ് അടിയന്തരമായി പൂർത്തിയാക്കിയാൽ പണികൾ ഉടനെ ആരംഭിക്കാം. ഇതോടെ കായംകുളം മുതൽ ആലപ്പുഴ വരെയുള്ള ഇരട്ടപാത യാഥാർഥ്യമാകും.
ഈ മേഖലയിൽ പാത ഇരട്ടപ്പിക്കലിനായി വണ്ടാനം മെഡിക്കല്‍ കോളജിന്റെയും പുന്നപ്ര റെയില്‍വേ സ്റ്റേഷന് പ്രദേശത്തിന്റെയും ഏകദേശം 6 കിലോമീറ്റര്‍ ഭൂമി ഏറ്റെടുക്കുന്നതിന് മറ്റ് ബദ്ധിമുട്ടുകളില്ലെന്നും ശേഷിക്കുന്ന 8 കിലോമീറ്റര്‍ സ്വകാര്യ ഭൂമിയും ഉടനടി ഭരണപരമായ നടപടികളിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നിരിക്കെയാണ് പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നീണ്ടുപോകുന്നത്. സ്ഥലമെടുപ്പ് ബാക്കിയുള്ള മേഖലകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ അത് പൂർത്തിയാക്കണം.
ഇരട്ടിപ്പിക്കൽ പൂർത്തിയായാൽ റെയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വളരെക്കാലമായി അനുഭവിക്കുന്ന ആലപ്പുഴ മേഖലയിലേക്കുള്ള കണക്റ്റിവിറ്റി ഗണ്യമായി വര്‍ധിക്കുമെന്നും കെ.സി. വേണുഗോപാല്‍ കേന്ദ്ര റെയില്‍വേ മന്ത്രിയെ ധരിപ്പിച്ചു.