റോഡ് ജനങ്ങൾക്കു വേണമല്ലോ! അധികൃതർ കൈയൊഴിഞ്ഞു, നാട്ടുകാർ പിരിവിട്ട് നന്നാക്കി
1598096
Wednesday, October 8, 2025 11:41 PM IST
ഹരിപ്പാട്: ചേപ്പാട് പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലൂടെ കടന്നുപോകുന്ന ബ്രഡ് കമ്പനി-കാരാവള്ളി റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ചു നാട്ടുകാർ സ്വയം പണപ്പിരിവെടുത്തു റോഡ് സഞ്ചാരയോഗ്യമാക്കി. വർഷങ്ങളായി തകർന്നു തരിപ്പണമായ റോഡ് നന്നാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് റോഡിന്റെ ഗുണഭോക്താക്കൾ 90,000 രൂപയോളം പിരിച്ചെടുത്ത് അറ്റകുറ്റപ്പണി നടത്തിയത്.
കാൽനട യാത്രപോലും ദുഷ്കരമാക്കിയ റോഡിനെയാണ് നൂറുകണക്കിന് ആളുകൾ നിത്യേന ആശ്രയിക്കുന്നത്. റോഡിലെ വലിയ ഗർത്തങ്ങളിൽ വീണ് യാത്രക്കാരുടെ നടുവൊടിയാൻ തുടങ്ങിയിട്ടു വർഷങ്ങളായി.
പരാതി പറഞ്ഞിട്ടും
റോഡിന്റെ ദുരിതം പ്രദേശവാസികൾ പലതവണ വാർഡ് മെംബർമാരെ സമീപിച്ചിരുന്നു. എട്ടാം വാർഡ് മെംബറും പഞ്ചായത്ത് പ്രസിഡന്റുമായ വേണുകുമാർ, ഏഴാം വാർഡ് മെംബർ തമ്പി എന്നിവർ വഴി നിരവധി തവണ പരാതികൾ നൽകിയിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ലെന്നു നാട്ടുകാർ പറയുന്നു. മഴക്കാലത്തു റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമാണ്. നടന്നുപോകുന്ന യാത്രക്കാരുടെ, സ്കൂൾ വിദ്യാർഥികളുടെ ദേഹത്തേക്ക് ചെളിവെ ള്ളം തെറിച്ചു വീഴുന്നതു പതിവ് കാഴ്ചയാണ്.
ജനകീയ കൂട്ടായ്മ
പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ളവർക്കു പരാതികൾ നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് റോഡിനന്റെ ദുരിതം അനുഭവിച്ചവർ ഒരുമിച്ചത്. റോഡ് നന്നാക്കാനായി എല്ലാവരും ഒത്തൊരുമിച്ച് പിരിവെടുത്തപ്പോൾ 90,000 രൂപ കണ്ടെത്താനായി. ഈ തുക ഉപയോഗിച്ചാണ് റോഡിന്റെ തകർന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയത്.
താത്കാലികമായി നന്നാക്കിയ റോഡിന് സ്ഥിരമായ പരിഹാരം കാണണമെന്നും പഞ്ചായത്ത് അധികൃതർ എത്രയും പെട്ടെന്ന് ഫണ്ട് അനുവദിച്ചു റോഡ് ടാർ ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.