കലകളുടെ ഉത്സവത്തിനു തുടക്കം
1598446
Friday, October 10, 2025 4:57 AM IST
അമ്പലപ്പുഴ: ആലപ്പുഴ സഹോദയ കോംപ്ലക്സ് 19-ാമത് സി ബിഎസ്ഇ ജില്ലാ കലോത്സവം സിനിമാ താരവും ആലപ്പുഴ ചിന്മയ വിദ്യാലയ പൂര്‍വ വിദ്യാര്‍ഥിനിയുമായ ഡോ. ആരതി ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു.
തൊഴില്‍ പരമായും കലാപരമായും തന്നെ വാര്‍ത്തെടുത്തതില്‍ ചിന്മയ വിദ്യാലയത്തിലെ അധ്യാപകരുടെ പങ്കിനെ ഉദ്ഘാടന പ്രസംഗത്തില്‍ അവര്‍ അനുസ്മരിച്ചു. കളര്‍കോട് ചിന്മയ വിദ്യാലയ ദിവ്യാഞ്ജലി ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സഹോദയാ ജില്ലാ പ്രസിഡന്റ് ഡോ. എ. നൗഷാദ് അധ്യക്ഷത വഹിച്ചു.
എ.എം. ആരിഫ് മുഖ്യാതിഥിയായി. സ്കൂള്‍ വിദ്യാഭാസ കാലത്തെ മധുരസ്മരണകള് നമ്മളില്‍ എല്ലാക്കാലവും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സഹോദയ ജില്ലാ കലോത്സവ കണ്‍വീനര്‍ ചിന്മയാ വിദ്യാലയ പ്രിന്‍സിപ്പല്‍ ഡോ.ആര്.എസ്. രേഖ സ്വാഗതം പറഞ്ഞു. ഡോ.കെ. നാരായണന് ചിന്മയ വിദ്യാലയ പ്രസിഡന്റ് ആശ യത്തീസ് സഹോദയ സെക്രട്ടറി, സിസ്റ്റര്‍ സെബി മേരി സഹോദയ ജോയിന്റ് സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി. ചന്ദ്രന്, ഗീത വി. പ്രഭു എന്നിവര്‍ പ്രസംഗിച്ചു.
ജില്ലയിലെ സിബിഎസ്ഇ വിദ്യാലയങ്ങളിലെ മാനേജര്‍മാര്‍, പ്രധാനാധ്യാപകര്‍ തുടങ്ങി പ്രമുഖര്‍ 50 നിലവിളക്കുകള്‍ കൊളുത്തിയാണ് ചടങ്ങിന് ആരംഭം കുറിച്ചത്. സഹോദയ ട്രഷറര്‍ ഡയാന ജേക്കബ് നന്ദി രേഖപ്പെടുത്തി.