ആൾക്കൂട്ട കൊലപാതകം: ബോധം പോകുന്നതുവരെ ക്രൂര മർദനമെന്ന് പരാതി
1598444
Friday, October 10, 2025 4:57 AM IST
കായംകുളം: ചേരാവള്ളിയിൽ കുട്ടിയുടെ സ്വർണം മോഷ്ടിച്ചെന്ന് ആരോപിച്ച് മധ്യവയ്സകനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയതു വളരെ ക്രൂരമായിട്ടാണെന്നു പോലീസ് കണ്ടെത്തി. മധ്യവയസ്കന്റെ ബോധം പോകുന്നതു വരെ പ്രതികൾ മർദനം തുടർന്നു. കായംകുളം ചേരാവള്ളി കോയിക്കൽ കിഴക്കതിൽ താമസിക്കുന്ന തിരുവനന്തപുരം കാരക്കോണം കുന്നത്ത് കോയിക്കപടീറ്റതിൽ സജി (ഷിബു-50 )ആണ് മർദനമേറ്റ് മരിച്ചത്.
ഇദ്ദേഹം താമസിക്കുന്ന വീടിനു സമീപത്തെ രണ്ടു വയസുള്ള കുട്ടിയുടെ സ്വർണച്ചെയിൻ കാണാതായതിനെ തുടർന്നാണ് കുട്ടിയുടെ പിതാവും ബന്ധുക്കളും അയൽവാസികളും ഉൾപ്പടെ ഏഴു പേർ സംഘം ചേർന്നു മർദിച്ചതായി പറയുന്നത്. അറസ്റ്റിലായ മൂന്നു പേരെ കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. മർദനത്തിനിടെ സമീപത്തെ കനാലിലേക്കു വീണ സജിയെ പ്രതികൾ കരയ്ക്കു കയറ്റി വീണ്ടും മർദിച്ചു.
തുടർന്ന് ഇയാൾ ബോധംകെട്ടു കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീട് നാട്ടുകാർ ചേർന്നു കായംകുളം താലൂക്കാശുപത്രിയിലും തുടർന്നു വണ്ടാനം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.കൊല്ലപ്പെട്ട സജിയുടെ ഭാര്യ സുധയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.