കവലയ്ക്കൽ- മുപ്പത്താറിൽചിറ റോഡ് ഗതാഗത യോഗ്യമാക്കണം
1598676
Saturday, October 11, 2025 12:04 AM IST
ചമ്പക്കുളം: നെടുമുടി പഞ്ചായത്തിലെ 14-ാം വാർഡിലൂടെ കടന്നുപോകുന്ന കവലയ്ക്കൽ- മുപ്പത്താറിൽചിറ വഴി ഉപയോഗിക്കാനാവാത്തവിധം താറുമാറായി. പുളിക്കൽകാവ് പാലത്തിൽനിന്ന് ആരംഭിച്ച് കാവിപ്പാടത്തിനു ചുറ്റുമായുള്ള വഴി കവലയ്ക്കൽ വരെയുള്ളത് മെറ്റൽ വിരിച്ചതാണ്. ബാക്കിയുള്ള ഒരു കിലോമീറ്ററോളം വരുന്ന ഭാഗം കാൽനട യാത്രയ്ക്കുപോലും സാധ്യമല്ലാതായി. മഴ പെയ്താൽ ഇവിടത്തെ ദുരിതം പറഞ്ഞറിയിക്കാനാവാത്ത അവസ്ഥയിലാണ്.
നെടുമുടി പഞ്ചായത്തിലെ കഴിഞ്ഞ രണ്ടു ഭരണസമിതികളിലും ഭരണപക്ഷത്തുള്ള അംഗങ്ങൾ ഈ വാർഡിനെ പ്രതിനിധികരിച്ചിട്ടും ഒരു മാറ്റവും ഉണ്ടായില്ല എന്ന പരാതിയാണ് നാട്ടുകാർക്ക്. നൂറു കണക്കിന് ആളുകളാണ് കൃഷി ആവശ്യത്തിനും മറ്റ് ആവശ്യങ്ങൾക്കായും ദിവസേന ഇതുവഴി യാത്രചെയ്യുന്നത്.
കൃഷി സമയത്ത് പാടത്തേയ്ക്കുള്ള വിത്ത്, വളം മുതലായവ പലരും വള്ളത്തിലാണ് നിലത്തിൽ എത്തിക്കുന്നത്. നെല്ല് സംഭരണ സമയത്തും വഴിയുടെ ദുരവസ്ഥ കർഷകർക്ക് ഇവിടെ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. ഇരുചക്രവാഹനങ്ങളുള്ളവർ അവ വീടുകളിൽ എത്തിക്കാനാവാത്തതിനാൽ വഴിയിറമ്പിലും മറ്റുമാണ് സൂക്ഷിക്കുന്നത്.