കോട്ടയത്തെ ഇരട്ടക്കൊലപാതകം; 24 മണിക്കൂറിനുള്ളില്‍ പ്രതി പിടിയിൽ
1544844
Wednesday, April 23, 2025 11:57 PM IST
കോട്ടയം: ഇരട്ടക്കൊലപാതക കേസിലെ പ്രതിയെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി പോലീസ് സംഘം. 23നു രാവിലെ 8.45നായിരുന്നു നാടിനെ നടുക്കിയ സംഭവം പുറത്തറിഞ്ഞത്. വിവരം അറിഞ്ഞ ഉടന്‍തന്നെ പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് നേരിട്ടെത്തി അന്വേഷണത്തിനു നേതൃത്വം നല്കി. സൈബര്‍ വിഭാഗം ഉള്‍പ്പെടെയുള്ള പോലീസുദ്യോഗസ്ഥര്‍ പ്രതിയുടെ പിന്നാലെയായിരുന്നു.
പിറ്റേദിവസം രാവിലെതന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചത് പോലീസിന്റെ അന്വേഷണ മികവാണ്. കൊല്ലപ്പെട്ട വിജയകുമാറിന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു അന്യസംസ്ഥാനക്കാരനായ പ്രതി അമിത്. സ്വഭാവദൂഷ്യംമൂലം ജോലിയില്‍നിന്നും പിരിച്ചുവിട്ടതിനുശേഷം പ്രതി വിജയകുമാറിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി രണ്ടേമുക്കാല്‍ ലക്ഷം രൂപ ഓണ്‍ലൈനായി തട്ടിയെടുത്തതിന് അറസ്റ്റിലാകുകയും കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഈ മാസമാണ് ജാമ്യത്തില്‍ ഇറങ്ങിയത്. മരണപ്പെട്ടവരോട് തനിക്കുള്ള മുന്‍വൈരാഗ്യം കാരണമാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പ്രതിയെ അറസ്റ്റു ചെയ്ത സംഘത്തില്‍ കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷ്, കോട്ടയം വെസ്റ്റ് എസ്എച്ച്ഒ പ്രശാന്ത് കുമാര്‍, ഈസ്റ്റ് എസ്എച്ച്ഒ യു. ശ്രീജിത്ത്, ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി. ശ്രീജിത്ത്, എസ്ഐമാരായ അനുരാജ്, വിദ്യ, സൈബര്‍ സെല്‍ പോലീസ് ഉദ്യോഗസ്ഥരായ ജോര്‍ജ്, ശ്യാം, സുബിന് എന്നിവരും ഉണ്ടായിരുന്നു.