ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
1544280
Monday, April 21, 2025 11:59 PM IST
മാവേലിക്കര: ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷൻ ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പ പാവങ്ങളുടെ പക്ഷം പിടിച്ച മനുഷ്യ സ്നേഹത്തിന് മഹനീയ മാതൃക പകർന്ന വലിയ ഇടയനായിരുന്നെന്ന് മാവേലിക്കര ബിഷപും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാനുമായ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് അനുസ്മരിച്ചു.
തന്റെ വ്യത്യസ്തമായ അജപാലന നിലപാടുകളിലൂടെ വർത്തമാനകാലത്തിന്റെ ശബ്ദമായിരുന്നു ഫ്രാൻസിസ് മാർപാപ്പ. പരിത്യക്തർക്കും നിരാലംബർക്കും ഫ്രാൻസിസ് മാർപാപ്പ അവസാന അത്താണിയായിരുന്നു. കാലത്തിന് അനുസൃതമായി സഭയെയും സമൂഹത്തെയും നയിച്ച വ്യക്തിത്വമാണ് മാർപാപ്പയുടേത്.
സമാധാനം കാംക്ഷിച്ച സകലർക്കും പിന്തുണയും പ്രോത്സാഹനവും മാർപാപ്പ നൽകി. നിസ്വരുടെ സ്വന്തം എന്ന നിലയിൽ പാവങ്ങളെയും തടവറവാസികളെയും മാർപാപ്പ കരുതലോടെ ഉൾക്കൊണ്ടു. പരിസ്ഥിതിയുടെ മൂല്യവും വിശുദ്ധിയും മാർപാപ്പ ഉയർത്തിക്കാട്ടി. പരിസ്ഥിതിയുടെ താളക്രമത്തിനു വരുത്തുന്ന ഓരോ വ്യതിയാനവും ഏറ്റു പറയേണ്ട പാപമാണെന്ന് മാർപാപ്പ പഠിപ്പിച്ചു.
പലതവണ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി ഞാൻ ഓർക്കുന്നു. ലാളിത്യവും സുതാര്യതയും ജീവിത വിശുദ്ധിയും കൊണ്ട് നമ്മുടെ കാലഘട്ടത്തെ വിസ്മയിപ്പിച്ച ദൈവ പിതാവിന്റെ കരുണയുടെ മുഖമായിരുന്നു ഫ്രാൻസിസ് മാർ പാപ്പ എന്നും ബിഷപ് അനുസ്മരിച്ചു.