ജോലി വാഗ്ദാനം: ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
1544541
Tuesday, April 22, 2025 11:47 PM IST
കായംകുളം: കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊല്ലം തൃക്കടവൂർ കോട്ടയ്ക്കകം മുറിയിൽ മനു മന്ദിരത്തിൽ മഹേഷ് (37) ആണ് അറസ്റ്റിലായത്. കേന്ദ്ര സർക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള തമിഴ്നാട്ടിലെ കോർഡൈറ്റ് ഫാക്ടറിയിലെ ഇൻസ്ട്രുമെന്റ് ടെക്നീഷ്യനാണ് ഇയാൾ.
കായംകുളം പുതുപ്പള്ളി സ്വദേശിനിയായ യുവതിക്ക് കേന്ദ്രസർക്കാർ സ്ഥാപനമായ പാപ്പനംകോടുള്ള സി എസ് ഐ ആർ എന്ന സ്ഥാപനത്തിൽ ടെലഫോൺ ഓപ്പറേറ്റർ തസ്തികയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 2022ൽ അഞ്ചു ലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്. യുവതിയുടെ കയ്യിൽ നിന്നു പണം വാങ്ങിയശേഷം 2023ൽ സിഎസ്ഐആർ എന്ന സ്ഥാപനത്തിൽ എത്തിച്ച് സ്ഥാപനത്തിലെ ഒരു രജിസ്റ്ററിൽ ഒപ്പുവപ്പിച്ച് ജോലി നൽകുന്നതായി വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐമാരായ രതീഷ് ബാബു, ശിവപ്രസാദ്, എഎസ്ഐമാരായ സജീവ് കുമാർ, പ്രിയ, പോലീസ് ഉദ്യോഗസ്ഥരായ അനു, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.