ആദരവോടെ ആലപ്പുഴ
1544276
Monday, April 21, 2025 11:59 PM IST
ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ
വിയോഗത്തിൽ അനുശോചന പ്രവാഹം. വത്തിക്കാനിലെ വസതിയിൽ
പ്രാദേശിക സമയം പുലർച്ചെ 7.35ന് വിടവാങ്ങിയ വിവരം ജില്ലയിലെ
ക്രിസ്ത്യൻ വിശ്വാസികളിൽ മാത്രമല്ല പൊതുസമൂഹത്തിലും മ്ലാനത പരത്തി.
12 വർഷം ആഗോള സഭയെ നയിച്ച പിതാവിന്റെ വിടവാങ്ങൽ
വാർത്തയെത്തുടർന്ന് അനുശോചന പ്രവാഹമാണ്.
കെ.സി. വേണുഗോപാല്‍ എംപി
ആലപ്പുഴ: ഇന്നലെ ഉയിര്‍പ്പ് ദിനത്തില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ തടിച്ചുകൂടിയ വിശ്വാസികളുടെ കാതുകളിലേക്ക് യുദ്ധവെറിക്കെതിരേ വിശ്വമാനവികതയുടെ സന്ദേശം നല്കുമ്പോള് ഏറെ പ്രതീക്ഷിച്ചിരുന്നു, ഇനിയും ലോകത്തിനു വഴികാട്ടാന്‍ അങ്ങുണ്ടാകുമെന്ന്. ഒടുവില്‍ ഭൂമിയിലെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിപ്പോകുന്നത്, ആദരിക്കപ്പെടേണ്ടതും അനുകരിക്കപ്പെടേണ്ടതുമായ വിശുദ്ധ ജീവിതം കൂടിയാണ്.
ഭീകരതയ്ക്കും യുദ്ധങ്ങള്ക്കുമെതിരേ നിലപാടെടുത്തും അഭയാര്‍ഥികള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി നിലകൊണ്ടും ലോകത്തിനു നേര്‍വഴി കാണിച്ചുനല്‍കിയ വലിയ ഇടയന്റെ ജീവിതം ഇവിടെ വഴികാട്ടിയായി ബാക്കിനില്ക്കും. ഹൃദയം മുറിക്കുന്ന വാളാകാന്‍ മാത്രമല്ല, മുറിവുണക്കുന്ന മരുന്നാകാനും വാക്കുകള്‍ക്കു കഴിയുമെന്ന സന്ദേശം അവസാന നിമിഷങ്ങളില്‍പ്പോലും പകര്‍ന്നുനല്‍കിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മടക്കയാത്ര. ലോകം പഠിക്കട്ടെ, അങ്ങനെ ദൈവാംശത്തില്നിന്നെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
കൊടിക്കുന്നിൽ സുരേഷ് എംപി
മാവേലിക്കര: മനുഷ്യസ്നേഹത്തിന്റെയും മാനവിക മൂല്യങ്ങളുടെയും പ്രതീകമായി ലോക സമാധാനത്തിനുവേണ്ടി നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണം ആഗോളതലത്തിൽ വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി അനുസ്മരിച്ചു.
സത്യത്തിന്റെയും സമാധാനത്തിന്റെയും പാതയിൽ ഉറച്ച വിശ്വാസത്തോടെ മുന്നേറിയ അദ്ദേഹത്തിന്റെ ആത്മീയ നേതൃത്വം, ലോകമനുഷ്യരെ സമരസതയുടെ ദിശയിൽ നയിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ വിടവാങ്ങൽ വ്യക്തിപരമായും സമൂഹപരമായും വൻ നഷ്ടമാണ്. അദ്ദേഹത്തിന്റെ ഓർമയും സന്ദേശങ്ങളും നമ്മെ എന്നും ശാന്തിയുടെയും സ്നേഹത്തിന്റെയും ദിശയിൽ നയിക്കാൻ ഇടയാക്കട്ടെ എന്നും കൊടിക്കുന്നിൽ അനുസ്മരിച്ചു.
രമേശ് ചെന്നിത്തല എംഎല്‍എ
യുദ്ധങ്ങളില്‍നിന്ന് മനുഷ്യരാശിയെ വിമോചിപ്പിക്കണമെന്ന് ആഗ്രഹിച്ച വലിയ ഇടയനായിരുന്നു ഫ്രാന്‍സിസ് ഒന്നാമന് മാര്‍പാപ്പയെന്ന് ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തല. റഷ്യ-യുക്രെയ്ന് യുദ്ധവും ഇസ്രയേല്‍-പലസ്തീന് യുദ്ധവും കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് യുദ്ധങ്ങള്‍ക്കും മനുഷ്യ ഹത്യകള്‍ക്കും എതിരേ അതിശക്തമായ നിലപാടുമായി സമാധാനത്തിന്റെ സന്ദേശം മുന്നോട്ടുവച്ച മാര്‍പാപ്പ തന്റെ നിലപാടുകളില്‍ മനുഷ്യ നന്മകള്ക്കൊപ്പംനിന്നു.
സഭയില്‍ ഏറെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്. ഇന്ത്യയോട്, പ്രത്യേകിച്ച് മലയാളികളോട് ഏറെ സ്നേഹബന്ധം പുലര്‍ത്തിയിരുന്നതായും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിടവാങ്ങല്‍ ലോക സമാധാനം ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കുമുള്ള നഷ്ടം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
തോമസ് കെ. തോമസ് എംഎൽഎ
മാറ്റങ്ങളുടെ പാപ്പാ വിടപറയുമ്പോള്‍ ലോകം കണ്ടതില്‍ വച്ച് ഏറ്റവും പുരോഗമന ചിന്തയുള്ള മാര്‍പാപ്പയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് എന്‍സിപി-എസ് സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ. തോമസ് എംഎല്‍എ പറഞ്ഞു.
യാഥാസ്ഥിതികന് ആയിരിക്കുമ്പോഴും തന്റെ കാഴ്ചപ്പാടുകളില്‍ സമൂലമായ പുരോഗമന നിലപാട് ഉണ്ടായിരുന്നു. പാരമ്പര്യത്തിന്റെ കാര്‍ക്കശ്യത്തില്‍ എളിമയോടെ അശരണര്‍ക്ക് ആലംബമാകാന് മറന്നുപോകരുതെന്നതടക്കമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഓര്‍മപ്പെടുത്തല്‍ ലോകം ഇന്നോളം കേള്‍ക്കാത്ത വലിയ സന്ദേശമായിരുന്നുവെന്നും എംഎൽഎ പറഞ്ഞു.
പി.പി. ചിത്തരഞ്ജന് എംഎല്‍എ
അഭിവന്ദ്യ ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിലെ ആലംബഹീനര്‍ക്ക് വേണ്ടി ജീവീതം ഉഴിഞ്ഞുവച്ച, എളിമയില്‍ എഴുതിയ ജീവിതത്തിനുടമയായിരുന്നുവെന്ന് ആലപ്പുഴ എംഎല്‍എ പി.പി. ചിത്തരഞ്ജന്. മാറ്റങ്ങളുടെ പാപ്പാ എന്നാണ് മാധ്യമങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ വിശേഷിപ്പിച്ചിരുന്നത്. സ്ഥാനാരോഹണത്തിനുശേഷം സഭയില്‍ പുതിയമാറ്റങ്ങള്‍ അദ്ദേഹം വരുത്തുകയുണ്ടായി. മഹാനായ മനുഷ്യസ്നേഹിയായ അഭിവന്ദ്യപാപ്പയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
എച്ച്. സലാം എംഎല്‍എ
സ്നേഹവും സമാധാനവും കരുണയും മനുഷ്യരിലേക്കു പകര്‍ന്ന ശ്രേഷ്ഠനായ വ്യക്തിത്വമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാം. അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരോട് ഹൃദയം കൊണ്ട് ചേരുകയും ലോകസമാധാനത്തിനുവേണ്ടി നിലപാട് ഉയര്‍ത്തുകയും ചെയ്ത മഹദ് വ്യക്തിയായിരുന്നു അദ്ദേഹം.
സങ്കീര്‍ണതകള്‍ നിറയുന്ന ലോക സന്ദര്‍ഭങ്ങളില്‍ വിശ്വാസത്തിന്റെ തലം ചേര്‍ത്തുപിടിച്ചുകൊണ്ടുതന്നെ മികച്ച നയതന്ത്രജ്ഞത പ്രകടമാക്കിയ ലോകനേതാവും വേദനിക്കുന്നവര്‍ക്കൊപ്പം നിലകൊള്ളുകയും മനുഷ്യത്വം മുഖമുദ്രയാക്കുകയും ചെയ്തിരുന്ന മനുഷ്യസ്നേഹിയുമായിരുന്നു ഫ്രാന്‍സിസ് മാര്പാപ്പയെന്നും അദ്ദേഹം പറഞ്ഞു.
പുന്നപ്ര ശാന്തിഭവൻ
അമ്പലപ്പുഴ: സാധരണക്കാരന്റെ അത്താണിയായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ പുന്നപ്ര ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അനുശോചിച്ചു. കൊട്ടാരവും സുഖങ്ങളും ഉപേക്ഷിച്ചു ലാളിത്ത്യത്തോടെ ചെറിയ വീട്ടിൽ കഴിഞ്ഞ വലിയ ഇടയൻ യുദ്ധത്തെ എതിർത്തു സമാധാനത്തിനുവേണ്ടി ശക്തമായി വാദിച്ചു. അനാഥരെയും അഗതികളെയും സ്നേഹത്തോടെ ചേർത്തുപിടിച്ച ഫ്രാൻസിസ് മാർപാപ്പയുടെ വേർപാട് സമൂഹത്തിലെ പാവങ്ങൾക്കു തീരാ നഷ്ടമെന്നും ബ്രദർ മാത്യു ആൽബിൻ പറഞ്ഞു.
ചേർത്തല: ഫ്രാൻസിസ് മാർപാപ്പയുടെ നിരാണത്തിൽ ഫ്രണ്ട്സ് ഓഫ് തങ്കി ചാരിറ്റബിൾ ട്രസ്റ്റ് യോഗം അനുശോചിച്ചു. തമ്പി ചക്കുങ്കൽ അധ്യക്ഷത വഹിച്ചു. റ്റി.ഡി. മൈക്കിൾ, ജോസ്ബാബു കോതാട്ട്, സജിവടക്കേമുറി, തങ്കച്ചൻ കുന്നുംപുറത്ത്, അലക്സ് കല്ലുവീട്ടിൽ, അഭിലാഷ് വള്ളോന്തയ്യിൽ, പീറ്റർ വടക്കേമുറി , പി.ജെ. ചാക്കോ, ജാക്സൺ ജോർജ് ചെറിയതയ്യിൽ, സിജോ ജോയി അഴീക്കൽ എന്നിവർ പ്രസംഗിച്ചു.
എടത്വ: ആഗോള സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടില്‍ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ അടിയന്തരയോഗം ചേര്‍ന്ന് അനുശോചിച്ചു. വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അനുശോചന സന്ദേശം നല്കി. പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ തങ്ങളുടെ വലിയ ഇടയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
കൈക്കാരന്മാരായ പി.എസ്. ടോമിച്ചന് പറപ്പള്ളി, കെ.എം. ജയിംസ് കളത്തൂര്‍, വിന്‍സെന്റ് പഴയാറ്റില്‍, ജനറല്‍ കണ്‍വീനര്‍ തോമസ് ജോര്‍ജ് ആലപ്പാട്ട് പറത്തറ, സെക്രട്ടറി ആന്‍സി മുണ്ടകത്തില്‍, സഹവികാരിമാരായ ഫാ. കുര്യന് പുത്തന്‍പുര, ഫാ. ജോസഫ് കാമിച്ചേരി, ഫാ. ബ്രിന്റോ മനയത്ത് എന്നിവര്‍ പങ്കെടുത്തു.
ആഗോള സഭയ്ക്കു തീരാനഷ്ടമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദേഹവിയോഗത്തില്‍ കാണുന്നതെന്ന് പച്ച ലൂര്‍ദ് മാതാ ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പലും കേരള കോണ്‍ഗ്രസ് സംസ്ഥന ജനറല്‍ സെകട്ടറിയുമായ തോമസുകുട്ടി മാത്യു ചീരംവേലില്‍ അനുശോചന
സന്ദേശത്തിൽ പറഞ്ഞു.
കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം, ജനറല്‍ സെക്രട്ടറി സിറിയക് കാവില്‍, യുഡിഎഫ് കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ ജോസഫ് ചേക്കോടൻ, ഡിസിസി ജനറൽ സെക്രട്ടറി കെ. ഗോപകുമാർ, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ബാബു പാറക്കാടൻ എന്നിവർ അനുശോചിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പ ഈ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന നല്ല ശമര്യാക്കാരനാണെന്ന് പൊതു പ്രവര്ത്തകന് ഡോ. ജോണ്സണ് വി ഇടിക്കുള പറഞ്ഞു.
ലോക സമാധാനത്തിനുവേണ്ടി അശ്രാന്ത പരിശ്രമം നടത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) ഉന്നതാ അധികാര സമിതി അംഗം നൈനാന് തോമസ് മുളപ്പാംമഠം അനുശോചിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസ് അനുശോചിച്ചു
വിശ്വാസത്തിലുറച്ച് ധീര നിലപാടുകള്‍ സ്വീകരിക്കുകയും എതിര്‍പ്പിന്റെ മതിലുകള്‍ മറികടന്ന് ലോകമാകെ സ്വീകാര്യത നേടിയ ശാന്തിദൂതനായിരുന്നു പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി. കുട്ടനാട്ടിലെ വിവിധ പള്ളികളുടെ സഹകരണത്തോടെ നടത്തിയ അനുശോചന യോഗത്തില്‍ ഫൊറോന വികാരി ഫാ. ജോസഫ് വാണിയപുരയ്ക്കല്‍, കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോന പ്രസിഡന്റ് കുഞ്ഞുമോന് തുമ്പുങ്കല്, ഗ്ലോബല്‍ സെക്രട്ടറി ടോമിച്ചന് അയ്യരുകുളങ്ങര, അതിരൂപത സെക്രട്ടറിമാരായ സൈബി അക്കര, കെ.എസ്. ആന്റണി, ജനറല്‍ സെക്രട്ടറി ഔസേപ്പച്ചന് ചെറുകാട്, കെ.പി മാത്യു, തോമസുകുട്ടി മണക്കുന്നേല്‍, ലിസി ജോസ്, ബേബിച്ചന് പുത്തന്‍പറമ്പില്‍, ഷാജി മരങ്ങാട്, ജോഷി കൊല്ലാപുരം, ജോസി കല്ലുകളം, ജോസഫ് കാര്‍ത്തികപ്പള്ളി, സെബാസ്റ്റ്യന്‍ ഞാറങ്ങാട്ടില്, തങ്കച്ചന് പുല്ലുക്കാട്ട്, ലാലിമ്മ ടോമ, ജെമിനി സുരേഷ് എന്നിവര്‍ അനുശോചിച്ചു.
ചക്കുളത്തുകാവിൽ
അനുശോചന യോഗം
എടത്വ: ആഗോളസഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിൽ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ അനുശോചന യോഗം ചേർന്നു. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അനുശോചന സന്ദേശം നൽകി.
പാർശ്വവത്കരിക്കപ്പെട്ടവരോടുള്ള അദ്ദേഹത്തിന്റെ അഗാധമായ സമർപ്പണം ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ വിശ്വാസങ്ങളെയും അതിർത്തികളെയും മറികടന്ന് സ്പർശിച്ചു.
ഈ നൂറ്റാണ്ടിൽ ജീവിച്ച മഹത് വ്യക്തിത്വത്തിന്റെ ഉടമയായ അദ്ദേഹം യുദ്ധരഹിതമായ ദൈവിക വിശ്വാസത്തിന്റെ ഒരുലോകം പടുത്തുയർത്താൻ ഏറെ ആഗ്രഹിച്ചിരുന്നു. അതിനായി സ്വയം സമർപ്പണം ചെയ്ത മഹാരധനായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ ചക്കുളത്തുകാവ് ക്ഷേത്രം അഗാധമായ ദുഃഖം രേഖപ്പെടുത്തി.
യോഗത്തിൽ ട്രസ്റ്റിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് കുമാർ പിഷാരത്ത് എന്നിവർ പങ്കെടുത്തു.
ക്രിസ്തുരാജ് സൊസൈറ്റി
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേര്‍പാടില്‍ ക്രിസ്തുരാജ് സൊസൈറ്റി അനുശോചിച്ചു. അനുശോചന സമ്മേളനത്തില്പ്രസിഡന്റ് ടി. കുര്യന് അധ്യക്ഷത വഹിച്ചു കെ.ജെ. ജോസഫ്, പി.എ. ആന്റണി , കെ.പി. തോമസ്, ജോണി ജോസഫ്, ബേബി തോമസ്, മോന്‍സി വര്‍ഗീസ്, ജോസഫ് ചാക്കോ, ടോം തോമസ്, മനോജ് മാത്യു, റോബി തോമസ്, ജോര്‍ജ് മൈക്കിള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഓള് ഇന്ത്യ കാത്തലിക് യൂണിയന്
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ ഓള് ഇന്ത്യ കാത്തലിക് യൂണിയന് സംസ്ഥാന ഘടകം അനുശോചനം രേഖപ്പെടുത്തി. അല്‍ഫോന്‍സ് പെരേര, ബാബു അത്തിപ്പൊഴിയില്‍, സി.ജെ. ജയിംസ്, ജോസ് ആന്റണി, ഫ്രാന്‍സി ആന്റണി, ദേവസഹായം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
‘ക്രിസ്തുവിനെ പ്രണയിച്ച വിശുദ്ധൻ’
ആലപ്പുഴ: കാതോലിക്കാ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഫ്രാൻസിസ് പാപ്പാ ക്രിസ്തുവിനെ പ്രണയിച്ച വിശുദ്ധനായിരുന്നുവെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് അനുസ്മരിച്ചു.
ലോക ശക്തികളെ യുദ്ധത്തിൽനിന്നും പിന്തിരിപ്പിക്കാൻ ഫ്രാൻസിസ് പാപ്പായ്ക്ക് കഴിഞ്ഞു. ഇന്ത്യയിലേക്ക് വരുവാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹം നിറവേറ്റാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല എന്നതാണ് ഭാരതീയന്റെ ദുഃഖമെന്നും ബിജു ചെറുകാട് പറഞ്ഞു.
ആലപ്പുഴ രൂപത
പ്രാര്ഥനാവാരമായി ആചരിക്കും
ആലപ്പുഴ: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ ആലപ്പുഴ രൂപതയുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി രൂപത പിആർഒ ഫാ. സേവ്യര്‍ കുടിയാംശേരി അറിയിച്ചു. വിദേശത്തായിരിക്കുന്ന രൂപതാധ്യക്ഷന്‍ ബിഷപ് ജയിംസ് ആനാപറമ്പിലിന്റെ പേരിലും വികാരി ജനറാള്‍ മോണ്‍. ജോയി പുത്തന്‍വീട്ടിലിന്റെ പേരിലും രൂപത സമൂഹം മുഴുവന്റെയും പേരിലും പ്രാര്ഥനാഞ്ജലികള് അര്‍പ്പിക്കുന്നതായും ഇന്നുമുതല്‍ ഒരാഴ്ചത്തേക്ക് മാര്പാപ്പായ്ക്കുവേണ്ടിയുള്ള പ്രാര്ഥനാവാരമായി ആചരിക്കാന്‍ വികാരി ജനറാള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഓരോ ഇടവകയും ഈ ഒരാഴ്ച സൗകര്യപ്രദമായ രീതിയില്‍ മാര്പാപ്പായ്ക്കുവേണ്ടിയുള്ള പ്രാര്‍ഥനകള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.