സുവിശേഷത്തിന്റെ സര്‍ഗാത്മക മുഖം: മാര്‍ തോമസ് തറയില്‍
1544277
Monday, April 21, 2025 11:59 PM IST
ഈസ്റ്റര്‍ ദിനത്തില്‍ ലോകത്തെ മുഴുവന്‍ ആശീര്‍വദിച്ചശേഷം പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ നമ്മില്‍നിന്നും വേര്‍പിരിഞ്ഞിരിക്കുകയാണ്. പരിശുദ്ധ പിതാവിന്റെ വിയോഗത്തില്‍ സഭാംഗങ്ങളെല്ലാം ദുഃഖിതരാണ്.
ഈ കാലഘട്ടത്തില്‍ കത്തോലിക്കാ സഭയെ ഏറ്റവും ജനകീയമായി അവതരിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. ക്രൈസ്തവ സന്ദേശത്തെ ലോകത്തിന് ഉള്‍ക്കൊള്ളാനാവുന്ന രീതിയില്‍ അദ്ദേഹം അവതരിപ്പിച്ചു. വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്നു കരുതുന്ന ഒരു കാലഘട്ടത്തില്‍ കത്തോലിക്കാ സഭയെ ഏറ്റവും പ്രസക്തമായി നിര്‍ത്താന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിനു കഴിഞ്ഞു. കോവിഡ് കാലത്ത് അടഞ്ഞുകിടന്ന ലോകം പാപ്പായെ ശ്രവിച്ചു. അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ അനേകര്‍ക്കു പ്രത്യാശ പകരുന്നതായിരുന്നു. സുവിശേഷത്തിന്റെ ആനന്ദത്തെക്കുറിച്ച് പരിശുദ്ധ പിതാവ് നിരന്തരം സംസാരിച്ചിരുന്നു.
ഈശോയെ അറിഞ്ഞവരെല്ലാം ആനന്ദത്തോടെ ജീവിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അരികുകളിലുള്ളവരിലേക്ക് സഭ കടന്നുചെല്ലണം എന്ന ശക്തമായ പ്രബോധനം അദ്ദേഹം നല്കി. സഭ എല്ലാവരോടും തുറവിയുള്ളവളാകണം എന്ന ചിന്തയോടുകൂടെ വത്തിക്കാന്റെ പല വകുപ്പുകളുടെയും തലപ്പത്ത് വനിതകളെ നിയമിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ പുലര്‍ത്തി. അദ്ദേഹത്തെ നാലു പ്രാവശ്യം സന്ദര്‍ശിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു.