ബിന്ദുവിന്റെ തിരോധാനം: നുണപരിശോധന നടത്തണമെന്ന ഹർജി 22 ലേക്കു മാറ്റി
1543720
Sunday, April 20, 2025 12:29 AM IST
ചേർത്തല: കടക്കരപ്പള്ളി ആലുങ്കൽ ബിന്ദു പത്മനാഭന്റെ തിരോധാനത്തിൽ പ്രതിയെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്ന സെബാസ്റ്റ്യനെ നുണപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ നൽകിയ ഹർജി 22ലേക്കു മാറ്റി.
സെബാസ്റ്റ്യൻ കോടതിയിൽ ഹാജരാകാതിരുന്നതാണ് കാരണം. ബിന്ദുവി ന്റെ എസ്എസ്എൽസി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ വ്യാജമായി തയാറാക്കിയതിലും 2013ൽ ബിന്ദുവിന്റെ പേരിൽ ഇടപ്പള്ളിയിലെ ഭൂമി വ്യാജ പ്രമാണം ഉണ്ടാക്കി കൈമാറ്റം നടത്തിയ കേസിലുമാണ് സെബാസ്റ്റ്യ നെ പ്രധാന പ്രതിയാക്കി കേസെടുത്തത്.
2006 മുതൽ ബിന്ദുവിനെ കാൺമാനില്ലായിരുന്നു. എന്നാൽ, താൻ 2007ൽ ബിന്ദുവിനെ കാറിലും ഓട്ടോറിക്ഷയിലും ചേർത്തല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൊണ്ടുവന്നുവിട്ടു എന്നു പറയുന്നതിലെ വൈ രുദ്ധ്യം മൂലമാണ് ക്രൈംബ്രാഞ്ച് സെബാസ്റ്റ്യനെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്. ബിന്ദു വിനെ കാണാതായ 2006 മുതൽ അവരുടെ ബാങ്ക് അക്കൗണ്ട് ഇതുവരെ പ്രവർത്തിച്ചിട്ടില്ലെന്ന് അന്വഷണ ഉദ്യോഗസ്ഥർ പറയുന്നു.
2017 ലാണ് വിദേശത്തുള്ള സഹോദരൻ പ്രവീൺ ചേർത്തല പോലീസിൽ പരാതി നൽകുന്നത്. ആദ്യഘട്ടത്തിൽ പട്ടണക്കാട് പോലീസും പിന്നീട് കുത്തിയതോട് പോലീസും തുടർന്ന് ജില്ലാ നർകോട്ടിക് സെൽ ഡിവൈഎസ്പിയും അന്വേഷണം നടത്തി. കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയതോടെ എട്ട് ഉദ്യോഗസ്ഥരാണ് കേസ് അന്വേഷണം നടത്തിയത്. ഇതിനോടകം 80 ഓളം ആളുകളുടെ മൊഴികളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സംഭവത്തിൽ മൂന്നു കേസുകൾ രജിസ്റ്റർ ചെയ്ത് വിവിധ ഘട്ടങ്ങളിൽ 11 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർ അന്വേഷണം നടത്തിയിട്ടും ബിന്ദുവിനെക്കുറിച്ച് കാര്യമായ വിവരമൊന്നും ലഭിച്ചില്ല. ജീവിച്ചിരിപ്പുണ്ടോയെന്നു പോലും നിലവിൽ വ്യക്തതയില്ല. പോലീസിന്റെ യും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിൽ ബിന്ദു പത്മനാഭൻ 2003 മുതൽ സെബാസ്റ്റ്യനുമായി അടുത്തബന്ധം പുലർത്തിയിരുന്നതായും പല തവണ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ ബിന്ദു ചെന്നതായും മൊഴി ലഭിച്ചിരുന്നു.
ബിന്ദുവിന്റെ മാതാപിതാക്കളുടെ മരണശേഷം ഏറ്റവും കൂടുതൽ അടുപ്പമുണ്ടായിരുന്നത് സെബാസ്റ്റ്യൻ മാത്രമായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
സെബാസ്റ്റ്യന്റെ പ്രധാന സഹായിയും ഓട്ടോറിക്ഷാ തൊഴിലാളിയുമായിരുന്ന പള്ളിപ്പുറം സ്വദേശിയുടെ മരണത്തിലും ദുരൂഹത ഉണ്ടായിരുന്നു. സെബാസ്റ്റ്യന്റെ ജീവിത പശ്ചാത്തലം ദുരൂഹമാണെന്നും വിവിധ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇയാൾ നൽകി മൊഴികളിൽ വ്യക്തത വരുത്താനാണ് നുണപരിശോധന നടത്തണമെന്ന് ആവശ്യം ഉന്നയിക്കുന്നതെന്നും ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വഷണത്തിൽ തൃപ്തി ഉണ്ടെന്ന് വിദേശത്ത് ജോലി ചെയ്യുന്ന പ്രവീൺ പറയുന്നു.
ആദ്യമായി പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ പോകുമ്പോൾ സെബാസ്റ്റനുമായി പ്രവീൺ സംസാരിച്ചിരുന്നു. എന്നാൽ, ബിന്ദുവിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഫോൺ നമ്പർ പോലുമില്ലെന്നാണ് സെബാസ്റ്റ്യൻ അന്ന് പറഞ്ഞത്. ബിന്ദുവിന്റെ പേരിലുള്ള ഇടപ്പള്ളിയിലെ സ്ഥലം വിറ്റു കിട്ടിയതിലെ 25 ലക്ഷം രൂപ ചേർത്തലയിലെ ഒരു ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും സെബാസ്റ്റ്യന്റെ പിന്നിൽ ആരെക്കെയോ ഉണ്ടെന്നും പ്രവീൺ പറയുന്നു.