അനുമോദനവും ഓഫർ ലെറ്റർ വിതരണവും
1544534
Tuesday, April 22, 2025 11:46 PM IST
അമ്പലപ്പുഴ: 1999 മുതൽ കേരള സർക്കാരിന്റെ സഹകരണവകുപ്പിനു കീഴിൽ പുന്നപ്രയിൽ പ്രവർത്തിക്കുന്ന കോ-ഓപ്റേറ്റീവ് അക്കാദമി ഓഫ് പ്രഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) സിൽവർ ജൂബിലി പൂർത്തിയാക്കി. ഈ കാലയളവിൽ രാജ്യത്തിന് അകത്തും പുറത്തുമായി 26,000ൽപരം ബിരുദധാരികളെയും ആയിരത്തോളം ബിരുദാനന്തരബിരുദധാരികളെയും സംഭാവന ചെയ്യാൻ സാധിച്ചു. കാമ്പസിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് എൻജിനിയറിംഗ് & മാനേജ്മെന്റ് പുന്നപ്ര എന്ന സഹകരണ എൻജിനിയറിംഗ് അക്കാദമിക് രംഗത്ത് ഈ കാലയളവിൽ നിരവധി യൂണിവേഴ്സിറ്റി റാങ്കുകൾ നേടാനായിട്ടുണ്ട്.
2024 -2025 വർഷം ജില്ലയിലെ തന്നെ ആദ്യത്തെ എൻജിനിയറിഗ് കോളജ് എൻസിസി യൂണിറ്റ് (ആർമി വിംഗ്) ഈ കോളജിൽ ആരംഭിച്ചിരിക്കുകയാണ്. 25 പേരുള്ള ആദ്യ ബാച്ചിന്റെ ഒന്നാം വർഷ പരിശീലനം പൂർത്തിയാക്കി. ബി സർട്ടിഫിക്കറ്റുള്ളവർക്ക് രണ്ടാം വർഷം മുതൽ പ്രവേശനം നൽകും. ബിടെക് പഠനത്തോടൊപ്പം ആർമിയിലെ എൻജിനിയറിംഗ് വിഭാഗത്തിൽ ജോലി ലഭിക്കാൻ പരിശീലനം പ്രയോജനപ്പെടും. തൂടർച്ചയായി രണ്ടാം വർഷവും കോളജിലെ നൂറോളം വിദ്യാർഥികൾക്ക് രാജ്യത്തെ പ്രമുഖ മൾട്ടിനാഷണൽ കമ്പനിയിൽ ജോലി നേടിക്കൊടുക്കാൻ കോളജിലെ പ്ലെയ്സ്മെന്റ് സെല്ലിന് സാധിച്ചിട്ടുണ്ട്.
ചരിത്രത്തിലാദ്യമായി ഈ വർഷം മെക്കാനിക്കൽ, ഇലക്ട്രിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകളിൽ മുഴുവൻ കുട്ടികൾക്ക് ജോലി നേടിക്കൊടുത്തിരിക്കയാണ്. പുന്നപ്രയിൽ മെക്കാനിക്കൽ എൻജിനിയറിംഗ് അസോിയേഷൻ സംഘടിപ്പിക്കുന്ന അഞ്ചാമത് ആലപ്പി മോട്ടോർ ഷോ ചിത്രരചന മത്സരം 25ന് നടക്കും. എൽകെജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. സീനിയർ വിദ്യാർഥികൾക്കുള്ള ജീവിതമാണ് ലഹരി എന്ന വിഷയത്തിൽ ലഹരിവിരുദ്ധ യുദ്ധം സംഘടിപ്പിക്കും.
ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനവും കോളജിൽനിന്നു പ്ലെയ്സ്മെന്റ് ലഭിച്ച നൂറോളം വിദ്യാർഥികൾക്കുള്ള അനുമോദനവും ഓഫർ ലെറ്റർ വിതരണവും 25ന് രണ്ടിന് എച്ച്. സലാം എംഎൽഎ നിർവഹിക്കുമെന്ന് പ്രിൻസിപ്പൽ ഡോ. റൂബിൻ വി. വർഗീസ്, മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം മേധാവി പ്രഫ. ജയമോഹൻ കെ.ജി, മെക്കാനിക്കൽ വിഭാഗം അസി. പ്രഫസർ ഷംനാദ് എന്നിവർ അറിയിച്ചു.