ചെങ്ങന്നൂർ മഠത്തുംപടിയിൽ മരങ്ങൾ അപകടഭീഷണിയിൽ; യാത്രക്കാർ ഭീതിയിൽ
1544544
Tuesday, April 22, 2025 11:47 PM IST
ചെങ്ങന്നൂർ: ചെങ്ങന്നൂർ പേരിശേരി മഠത്തുംപടി ജംഗ്ഷനിൽനിന്ന് ആല നെടുവരംകോട് -ചെറിയനാട് വഴി മാവേലിക്കരയ്ക്കു പോകുന്ന പൊതുനിരത്തിന്റെ ഇരുവശങ്ങളിലുമായി പേരിശേരി മഠത്തുംപടി റെയിൽവേ ഗേറ്റിനു സമീപം തലയുയർത്തി നിൽക്കുന്ന കൂറ്റൻമരങ്ങൾ യാത്രക്കാർക്ക് ഭീഷണിയായി മാറുന്നു.
ആല - നെടുവരംകോട് -ചെറിയനാട് വഴി റെഗുലർ ഡിഗ്രി കോളജ് ഉൾപ്പെടെ നിരവധി വിദ്യാലയങ്ങളും വില്ലേജ്, കൃഷി, പഞ്ചായത്ത് ഓഫീസുകളും ആരാധനാലയങ്ങളും തുടങ്ങി വിവിധ പൊതുസ്ഥാപനങ്ങളുണ്ട്. സാധാരണ യാത്രക്കാർക്ക് പുറമേ ഇവിടങ്ങളിലേക്ക് ദിനംപ്രതി നിരവധി ആളുകൾ പ്രധാന റോഡ് ഉപയോഗിക്കുന്നു.
ഇതിനിടയിൽ മഠത്തുംപടി റെയിൽവേ ക്രോസ് കടന്നുപോകേണ്ടതുണ്ട്. ഇവിടെ 24 മണിക്കൂറും ഇടവിട്ട് തെക്കോട്ടും വടക്കോട്ടുമായി ട്രെയിൻ സർവീസുകൾ നടക്കുന്നതിനാൽ ഗേറ്റ് അടച്ചിടുമ്പോൾ ദീർഘനേരം വാഹനങ്ങൾ നിർത്തിയിടേണ്ടി വരുന്നു. മരങ്ങൾ ചാഞ്ഞുനിൽക്കുന്നത് ഈ റോഡിലാണ് എന്നുള്ളത് അപകടസാധ്യതയുടെ ഗൗരവം വർധിപ്പിക്കുന്നു. ഇത്തരത്തിൽ വാഹനങ്ങൾ നിർത്തിയിട്ടിരുന്ന സമയങ്ങളിൽ മരത്തിന്റെ ഉണങ്ങിയതും അല്ലാത്തതുമായ ചില്ലകൾ വാഹനങ്ങളുടെ മുകളിൽ ഒടിഞ്ഞുവീണ് അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ആലയിലേക്കു പോകുകയായിരുന്ന ഇരുചക്രവാഹന യാത്രക്കാരന് സമാനമായ ദുരനുഭവമുണ്ടായി. റെയിൽവേ ഗേറ്റ് അടച്ചിരുന്നതിനാൽ വാഹനത്തിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ തലയിലേക്ക് ഒരു മരക്കൊമ്പ് ഒടിഞ്ഞുവീണു. ഹെൽമെറ്റ് ധരിച്ചിരുന്നതുകൊണ്ട് മാത്രമാണ് വലിയ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.
തുടർച്ചയായ അപകടസാഹചര്യങ്ങളെത്തുടർന്ന് പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ റെയിൽവേയുടെ മാവേലിക്കര സീനിയർ സെ ക്ഷൻ എൻജിനിയർക്ക് കത്തു നൽകി. മഴക്കാല ത്ത് ഈ പ്രദേശത്ത് അപകടങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാഹനങ്ങൾ കാത്തുകിടക്കുമ്പോഴും അല്ലാത്ത സമയത്തും മരച്ചില്ലകൾ ഒടിഞ്ഞുവീണ് ഗതാഗതതടസങ്ങൾ ഉണ്ടാകാറുണ്ട്.
സമീപകാലത്ത് റെയിൽവേ ഗേറ്റിനു മുകളിൽ മരം ഒടിഞ്ഞുവീണ് അപകടമുണ്ടായപ്പോൾ ഫയർഫോഴ്സ് എത്തിയാണ് അത് മുറിച്ചുമാറ്റിയത്. എന്നാൽ, അപകടഭീഷണി ഉയർത്തുന്ന മറ്റു മരച്ചില്ലകൾ മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടപ്പോൾ, അതിന് റെയിൽവേയുടെ അനുമതി ആവശ്യമാണെന്നാണ് ഫയർഫോഴ്സ് അധികൃതർ അറിയിച്ചത്.
ജൂണിൽ അധ്യയനവർഷം ആരംഭിക്കുമ്പോൾ ആല ഹയർ സെക്കൻഡറി, ചെറിയനട് എസ്എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി, നെടുവരംകോട് എസ്എൻഡിപി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ സൈക്കിളുകളിലും മറ്റുമായി സ്കൂളിലേക്ക് പോകുന്ന പ്രധാന വഴിയാണിത്. കാലവർഷത്തിനു മുൻപ് അപകടങ്ങൾ ഒഴിവാക്കാൻ റെയിൽവേ അധികൃതർ അടിയന്തരമായി ഇടപെട്ട് പേരിശേരി റെയിൽവേ ഗേറ്റിനു സമീപത്തെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ഒരേയൊരു ആവശ്യം.
പ്രതികരണം
പേരിശേരി മഠത്തുംപടി റെയിൽവേ ഗേറ്റിന് സമീപം റോഡിനിരുവശങ്ങളിലുമായി റെയിൽവേയുടെ സ്ഥലത്ത് നിൽക്കുന്ന കൂറ്റൻ മരത്തിന്റെ ചില്ലകൾ ഉണങ്ങി ഒടിഞ്ഞുവീഴുന്നതു വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും വൻഭീഷണിയാകുന്നു. റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ നീണ്ട വാഹനനിര ഉണ്ടാകുന്നത് നിത്യസംഭവമാണ്. ഈ സമയത്ത് വാഹനത്തിനു മുകളിലും ഇരുചക്ര വാഹനയാത്രക്കാരുടെ മുകളിലും മരക്കൊമ്പ് ഒടിഞ്ഞുവീണ് അപകടമുണ്ടാകുന്നു.
നേരത്തേയും അപകടങ്ങൾ ഉണ്ടായിട്ടുണ്ട് റെയിൽവേ ഉദ്യോഗസ്ഥന്മാരെ നിരവധി തവണ അറിയിച്ചിട്ടും ഒരു നടപടികയും കൈക്കൊള്ളുന്നില്ല. അടിയന്തരമായി മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര റെയിൽവേ സീനിയർ സെക്ഷൻ എൻജിനിയർക്ക് കത്തു നല്കിയിട്ടുണ്ട്.
എം.ജി. ശ്രീകുമാർ
(പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ്)