കായംകുളത്ത് മയക്കുമരുന്ന് കേസിൽ രണ്ടു പേർകൂടി പിടിയിൽ
1544843
Wednesday, April 23, 2025 11:57 PM IST
കായംകുളം: 21 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിലായ കേസിൽ കൂടുതൽ പേർ അറസ്റ്റിൽ. കേസിൽ മറ്റ് രണ്ടു പേരെ ക്കൂടി പോലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ ചാലിയാർ വില്ലേജിൽ കടമ്പത്ത് വീട്ടിൽ ശ്രീരാഗ് (23), കൊല്ലം പത്തനാപുരം വില്ലേജിൽ മഞ്ചുള്ളൂർ മുറിയിൽ അൻസാരി മൻസിലിൽ അൻസാരി (26) എന്നിവരെയാണ് എറണാകുളത്തെ ഫ്ലാറ്റിൽ നിന്നും പിടികൂടിയത്. ഇവർ കേസിലെ മൂന്നും നാലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദേശപ്രകാരം നർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷന്റെ നേതൃത്യത്തിൽ കഴിഞ്ഞ മാസമാണ് 21 ഗ്രാം എംഡിഎം എയുമായി കൊല്ലം കുന്നത്തൂർ സ്വദേശികളായ ആകാശ്, റീഗൽ രാജ് എന്നിവരെ പോലീസ് കായംകുളത്ത് വച്ചു പിടികൂടിയത്.
ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത് ഇവർക്ക് ബംഗളൂരുവിൽനിന്നും എംഡിഎംഎ വാങ്ങി കച്ചവടം നടത്തുന്നതിലേക്ക് ബാങ്ക് അക്കൗണ്ട് മുഖാന്തിരം പണം നൽകിയതും ഈ റാക്കറ്റിലെ കണ്ണികളുമാണ് ഇവരെന്നും പോലീസ് പറഞ്ഞു.
ഇത്തരത്തിൽ ലഹരി വിൽപ്പന നടത്തുന്നവരേയും ഇവർക്ക് മയക്ക് മരുന്ന് നൽകുന്നവരേയും കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് കായംകുളം പോലീസ് അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.