എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ തിരുനാള്‍ 27 മുതൽ
1544539
Tuesday, April 22, 2025 11:47 PM IST
ആലപ്പുഴ: തീര്‍ഥാടനകേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ 27 മുതല്‍ മേയ് 14 വരെ നടക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെത്തുടര്‍ന്ന് ആഘോഷപരിപാടികള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രയാണത്തിനൊപ്പമുള്ള ചെണ്ട, പടക്കം അടക്കമുള്ളവ ഒഴിവാക്കി.
ഞായറാഴ്ച പുലര്‍ച്ച മുതലുള്ള തിരുക്കര്‍മങ്ങള്‍ക്കുശേഷം രാവിലെ ഏഴിന് വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ കൊടിയേറ്റും. രാവിലെ 10ന് തമിഴ് സീറോമലബാര്‍ കുര്‍ബാന ഫാ. പീറ്റര്‍ കിഴക്കേതില്‍, ഫാ. അജിന് സി. ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ അര്‍പ്പിക്കും. മേയ് മൂന്നിന് വൈകിട്ട് 5.45ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ഗീവര്‍ഗീസ് സഹദായുടെ നടയില്‍നിന്നും തിരുസ്വരൂപം ദേവാലയത്തിന്റെ പ്രധാന കവാടത്തില്‍ പ്രതിഷ്ഠിക്കും.
ആറിന് രാവിലെ ഒമ്പതിന് തക്കല രൂപത മെത്രാന് മാര്‍ ജോര്‍ജ് രാജേന്ദ്രന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകിട്ട് 3.45ന് പാളയംകോട്ട് രൂപത മുന്‍ ബിഷപ് ഡോ. ജൂഡ് പോള്‍ രാജ് തമിഴ് കുര്‍ബാന അര്‍പ്പിക്കും. വൈകിട്ട് അഞ്ചിന് പ്രദക്ഷിണം.
ഏഴിനാണ് പ്രധാനതിരുനാള്. രാവിലെ 5.45ന് മാര്‍ ജോസഫ് പെരുന്തോട്ടം കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ഫാ. ദുരൈസ്വാമി, ഫാ. ജെനിസ് എന്നിവര്‍ തമിഴില്‍ കുര്‍ബാന അര്‍പ്പിക്കും. വൈകിട്ട് മൂന്നിന് വിശുദ്ധ കുര്‍ബാനയ്ക്ക് തൂത്തുക്കുടി ബിഷപ് ഡോ. സ്റ്റീഫന്‍ ആന്റണി പിള്ളൈ നേതൃത്വം നല്‍കും. വൈകിട്ട് നാലിന് തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം. 14ന് എട്ടാമിടത്തോടെ തിരുനാള്‍ സമാപിക്കും. വൈകുന്നേരം നാലിന് തിരുസ്വരൂപം എഴുന്നള്ളിച്ചുള്ള പട്ടണപ്രദക്ഷിണം കുരിശടിയിലേക്ക് നടക്കും. തുടര്‍ന്ന് കൊടിയിറക്കം. രാത്രി ഒമ്പതിന് തിരുസ്വരൂപം തിരുനടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ സമാപിക്കും.
തമിഴ്നാട്ടില്‍നിന്നുള്ള തീര്‍ഥാടകരാണ് കൂടുതലായും എത്തുന്നത്. സഭയുടെ ജൂബിലി വര്‍ഷത്തില്‍ പ്രത്യാശയുടെ ഭവനങ്ങള്‍ എന്നപേരില്‍ മൂന്നരക്കോടിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. നാലു സെന്റ് വീതം വസ്തുവിൽ ഒമ്പതു വീടുകള്‍ നിര്‍മിക്കും. ഒന്നരലക്ഷം വീതം നല്കി 50 വീടുകളുടെ അറ്റകുറ്റപ്പണികള്‍, ലൈഫ് മിഷന് ഭവനപദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം എന്നിവയും നല്‍കും. പൂര്‍ണമായും ഹരിതപെരുമാറ്റച്ചട്ടം പാലിച്ചാണ് ചടങ്ങുകള്‍.
വാര്‍ത്താസമ്മേളനത്തില്‍ തിരുനാള്‍ കോ-ഓർഡിനേറ്റര്‍ ഫാ. ഏലിയാസ് കരിക്കണ്ടത്തില്‍, ഫാ. ജോസഫ് കാമിച്ചേരി, പി.എസ്. ടോമിച്ചന് പറപ്പള്ളി, തോമസ് ജോര്‍ജ് ആലപ്പാട്ട് പറത്തറ, ജോസുകുട്ടി സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.