നാടക ശില്പശാലയും ലഹരിവിരുദ്ധ നാടകാവതരണവും
1543999
Sunday, April 20, 2025 11:30 PM IST
അമ്പലപ്പുഴ: കേരള സംഗീത നാടക അക്കാദമിയുടെ നിയന്ത്രണത്തിലുള്ള ജില്ലാ കേന്ദ്ര കലാസമിതിയും ആലപ്പുഴ സംസ്കൃതിയും സംയുക്തമായി ഇന്നു മുതൽ മേയ് നാലുവരെ പുന്നപ്ര പറവൂർ ജനജാഗൃതി ഭവനിൽ നാടക ശില്പശാലയും നാടക പരിശീലനവും ലഹരി വിരുദ്ധ നാടകാവതരണവും നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ റസിഡന്റ്സ് അസോസിയേഷനുകൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെ നാട്ടിൻപുറങ്ങളിൽ, പൊതുസ്ഥലങ്ങളിൽ, സ്കൂളുകളിൽ, മറ്റു ഇടങ്ങളിലുമൊക്കെ ശില്പശാലയിൽ തയാറാക്കപ്പെടുന്ന നാടകം അവതരിപ്പിക്കും.
നാടക ശില്പശാല ഇന്നു രാവിലെ പത്തിന് സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. യോഗത്തിൽ കേന്ദ്ര കലാസമിതി ചെയർമാൻ അലിയാർ എം. മാക്കിയിൽ അധ്യക്ഷത വഹിക്കും.
സംഗീത നാടക അക്കാദമി സംഘടിപ്പിച്ച സംസ്ഥാന അമേച്വർ നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മരുതം തിയേറ്റർ ഗ്രൂപ്പിനെയും മികച്ച നടൻ പ്രമോദ് വെളിയനാടിനെയും സംവിധായകൻ ജോബ് മഠത്തിലിനെയും ഗ്രാമകം പുരസ്കാര ജേതാവ് പി. ജെ. ഉണ്ണികൃഷ്ണനെയും ചടങ്ങിൽ അനുമോദിക്കും. ഉദ്ഘാടനച്ചടങ്ങിൽബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാഗേഷ്, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പുന്നപ്ര വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സരിത, സംഗീത നാടക അക്കാദമി അംഗം ചേർത്തല രാജൻ, സംസ്കൃതി പ്രസിഡന്റ് രമേശ് മേനോൻ എന്നിവർ പ്രസംഗിക്കും.