ചെങ്ങന്നൂരാദി അങ്കത്തിന് സ്ഥിരം വേദിയൊരുക്കും: സജി ചെറിയാൻ
1543995
Sunday, April 20, 2025 11:30 PM IST
മാന്നാർ: ചെങ്ങന്നൂരാദി അമ്പത്തീരടി അങ്കത്തിന് ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിൽ മാന്നാറിൽ സ്ഥിരം വേദിയൊരുക്കുമെന്നും അവിടെ പത്തുദിവസം അങ്കക്കളരി നടത്തുന്നതിനുള്ള പദ്ധതികൾ തയാറാക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
മാന്നാർ ബ്രഹ്മോദയം കളരിയുടെ നേതൃത്വത്തിൽ മുട്ടേൽ ഭാഗത്ത് പ്രത്യേകം തയാറാക്കിയ അങ്കത്തട്ടിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ചെങ്ങന്നൂരാദി അങ്കത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സ്വാഗതസംഘം രക്ഷാധികാരി റിട്ട. ക്യാപ്റ്റൻ കെ.സി. രാഘവൻ അധ്യക്ഷത വഹിച്ചു.
കേരള ഫോക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
പ്രോഗ്രാം ചെയർമാനും ബ്രഹ്മോദയം കളരി ഗുരുക്കളുമായ കെ.ആർ. രദീപ് ഗുരുക്കളെ കൊടിക്കുന്നിൽ സുരേഷ് എംപി ആദരിച്ചു.
മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, എൻ.ഡി. സന്തോഷ് ഗുരുക്കൾ, ഹരിചന്ദന, ഡി. അജയകുമാർ, പി.എൻ. ശെൽവരാജ്, സതീഷ് കൃഷ്ണൻ, എം. സുനിജ, സതീഷ് കുമാർ ശ്രീനിലയം തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിവിധ ഗുരുകുലങ്ങളിൽ നിന്നെത്തിയവരുടെ കരളിപ്പയറ്റ് നടന്നു.