200 കലാകാരന്മാർ ചെണ്ടയിൽ കൊട്ടിക്കയറിയത് ആസ്വാദക ഹൃദയങ്ങളിലേക്ക്
1543992
Sunday, April 20, 2025 11:30 PM IST
മാന്നാർ: ചെണ്ടയിൽ താളമിട്ട് 200 വാദ്യകലാകാരന്മാർ കൊട്ടിക്കയറിയത് മേളാസ്വാദകരുടെ ഹൃദയതാളത്തിലേക്ക്. തുടക്കക്കാർ മുതൽ മേളപ്രമാണിമാർ വരെ പങ്കെടുത്തു നടന്ന മെഗാ പഞ്ചാരിമേളം ആസ്വാദക ഹൃദയങ്ങൾ കീഴടക്കി.
മാന്നാർ എണ്ണയ്ക്കാട് സോപാനം ഗുരുകുലത്തിന്റെ ഒൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഇരുനൂറോളം വാദ്യ കലാകാരന്മാരുടെ മെഗാ പഞ്ചാരിമേളം നടന്നത്. മേള പ്രമാണി ആര്‍എല്‍വി ശ്യാം ശശിധരന്റെ നേതൃത്വത്തിൽ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽനിന്നുള്ള 200ഓളം വാദ്യ കലാകാരന്മാരണ് പഞ്ചാരിമേളത്തിൽ പങ്കെടുത്തത്. ഇരുനൂറോളം ചെണ്ടകൾ അണിനിരത്തി മധ്യതിരുവിതാംകൂറിൽ ആദ്യമായാണ് ഇത്തരത്തിൽ മെഗാ പഞ്ചാരിമേളം അരങ്ങേറുന്നത്.
മാന്നാർ കുരട്ടിക്കാട് പാട്ടമ്പലത്തിൽ നടന്ന മെഗാമേളം ആസ്വദിക്കുവാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് മേള പ്രേമികളും എത്തിയിരുന്നു. ഫോക്ലോർ അക്കാദമി ചെയർമാർ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ മെഗാ പഞ്ചാരിമേളം ഉദ്ഘാടനം ചെയ്തു.