കഞ്ചാവ് വില്പന ചോദ്യം ചെയ്തതിനു കാന്‍സർ രോഗിയായ ഗൃഹനാഥനു വെട്ടേറ്റു
1543721
Sunday, April 20, 2025 12:44 AM IST
അമ്പലപ്പുഴ: കഞ്ചാവ് വില്പന ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ വീടുകയറി അക്രമം. കാന്‍സർരോഗിയായ ഗൃഹനാഥന് വെട്ടേറ്റു. അമ്പലപ്പുഴ വടക്ക് 15-ാം വാര്‍ഡ് വളഞ്ഞവഴി പുതുവല്‍ നീര്‍ക്കുന്നം വിനോദ്കുമാറി(48) നാണ് വെട്ടേറ്റത്. അക്രമം അറിഞ്ഞുചെന്ന അയല്‍വാസിയായ സുധാകരനും മര്‍ദനമേറ്റു. കഴിഞ്ഞദിവസം വൈകിട്ടോടെയായിരുന്നു സംഭവം.
പ്രദേശവാസിയായ മയക്കുമരുന്ന് വില്പനക്കാരനായ യുവാവാണ് അക്രമത്തിനു പിന്നിലെന്ന് അമ്പലപ്പുഴ പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു. മയക്കുമരുന്നു വില്പന നടത്തുന്നതിനെ വിനോദിന്റെ മകന് അനിമോന് മുമ്പ് ചോദ്യം ചെയ്തിരുന്നതായി പറയുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ വീടിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന അനിമോനുമായി അക്രമി വാക്കേറ്റം നടത്തുകയും മര്‍ദിക്കുകയും ചെയ്തു.
കാന്‍സര്‍ ബാധിച്ച് കിടപ്പിലായ പിതാവിനോട് വിവരം പറയാന്‍ മുറിക്കുള്ളിലേക്കു കയറിയ അനിമോനെ മാരകായുധവുമായെത്തിയ യുവാവ് അക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ വിനോദിന്റെ കാലിനു വെട്ടേല്‍ക്കുകയായിരുന്നു. ഇതിറഞ്ഞ് ഓടിയെത്തിയ അയല്‍വാസി സുധാകരനെയും യുവാവ് മര്‍ദിച്ചു. പ്രതി ഒളിവിലാണ്.