അടിവസ്ത്രം മാറ്റിനൽകിയില്ല: വസ്ത്രശാലയ്ക്കെതിരെയുള്ള പരാതി തള്ളി
1544841
Wednesday, April 23, 2025 11:57 PM IST
ചേർത്തല: വാങ്ങിയ അടിവസ്ത്രം മാറ്റിനൽകിയില്ലെന്നും ആവശ്യം ഉന്നയിച്ചപ്പോൾ അധിക്ഷേപിച്ചെന്നും ആരോപിച്ച് വസ്ത്ര വ്യാപാരശാലയ്ക്കെതിരേയള്ള പരാതി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ തള്ളി. ചേർത്തല ദേവീക്ഷേത്രത്തിനു സമീപമുള്ള നിറക്കൂട്ട് വസ്ത്രശാലയ്ക്കെതിരേ തണ്ണീർമുക്കം സ്വദേശി പി. സത്യപാലന്റെ പരാതിയാണ് വിശദ പരിശോധനയ്ക്കുശേഷം തള്ളിയത്. ആവശ്യപ്പെട്ട അളവിലേതല്ലാത്ത അടിവസ്ത്രം നൽകിയെന്നും തിരിച്ചെത്തിച്ചപ്പോൾ എടുത്തില്ലെന്നുമായിരുന്നു പരാതി. വിലയും നഷ്ടപരിഹാരവും പരാതിയിൽ ആവശ്യപ്പെട്ടു.
വാങ്ങിക്കുന്ന അടിവസ്ത്രം ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ തിരിച്ചെടുക്കില്ലെന്ന് ബില്ലിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യം സ്ഥാപനത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു ഉടമയുടെ വാദം. മാത്രമല്ല തിരിച്ചെത്തിച്ച വസ്ത്രത്തിന്റെ ബിൽ ഹാജരാക്കിയില്ല. ആവശ്യപ്പെട്ട അളവിലെ വസ്ത്രമാണ് നൽകിയതെന്നും പരാതിക്കാരനെ ആക്ഷേപിച്ചില്ലെന്നും സ്ഥാപനം കമ്മീഷനെ അറിയിച്ചു. തെളിവായി സിസിടിവി ദൃശ്യങ്ങളും ഹാജരാക്കി. ഇതെല്ലാം പരിഗണിച്ചാണ് കമ്മീഷൻ പ്രസിഡന്റ് ഇൻ ചാർജ് പി.ആർ. ഷോളി പരാതി തള്ളിയത്.