യാത്രക്കാർക്കു ഭീഷണിയായി റോഡരികിലെ മരങ്ങള്‍
1543993
Sunday, April 20, 2025 11:30 PM IST
പൂച്ചാക്കല്‍: റോഡരികിലെ മരം വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. ചേര്‍ത്തല - അരൂക്കുറ്റി റോഡിലാണ് മരങ്ങള്‍ ഉണങ്ങി നില്‍ക്കുന്നത്. ഏതു സമയത്തും മറിഞ്ഞുവീഴാവുന്ന വിധത്തില്‍ അപകടാവസ്ഥയിലാണ് മരങ്ങള്‍.
ദേശീയപാത വീതി കൂട്ടുന്നതിന്റെ ഭാഗമായി ചേര്‍ത്തല ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോകുന്ന എല്ലാ വാഹനങ്ങളും ഇപ്പോള്‍ ചേര്‍ത്തല, പൂച്ചാക്കല്‍, അരൂക്കുറ്റി വഴിയാണ് പോകുന്നത്. അതിനാല്‍ ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ വാഹനങ്ങളുടെ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. എന്‍എസ്എസ് കോളജ് കവലയുടെ തെക്കുഭാഗത്തായി നില്ക്കുന്ന കൂറ്റന്‍ ആല്‍മരം ഏതു നിമിഷവും വീഴാറായ അവസ്ഥയിലാണ്. മരത്തിലെ പകുതി ചില്ലകള്‍ ഉണങ്ങിനില്ക്കുകയാണ്. കാറ്റും മഴയും ഉള്ളപ്പോള്‍ മരങ്ങള്‍ വീഴാന്‍ സാധ്യത കൂടുതലാണ്. അങ്ങനെ സംഭവിച്ചാല്‍ വന്‍ ദുരന്തം ഉണ്ടാകും. നിരവധി സ്കൂൾ, കോളജ് വിദ്യാര്‍ഥികള്‍ യാത്ര ചെയ്യുന്ന റോഡാണിത്.
ഒരു ദുരന്തം ഉണ്ടാകാന്‍ കാത്തിരിക്കാതെ എത്രയും പെട്ടെന്ന് യാത്രക്കാര്‍ക്ക് ഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നടപടികള്‍ അധികൃതർ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.